പഠനം രാവിലെ എട്ടുമുതൽ ഒന്നുവരെ; കോളജുകളിൽ സമയമാറ്റം പരിഗണനയിൽ

ഇപ്പോൾ പത്തുമുതൽ നാലുവരെയാണ് ക്ലാസുകൾ. ഈ അഞ്ചുമണിക്കൂർ തന്നെ പുതിയ സമയക്രമത്തിലും ലഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിലെ അധ്യയനസമയം മാറ്റുന്നത് സർക്കാരിന്റെ സജീവ പരി​ഗണനയിൽ. അധ്യയനസമയം  രാവിലെ എട്ടുമുതൽ ഒരുമണി വരെയാക്കുന്നകാര്യം പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ പറഞ്ഞു.  ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ പത്തുമുതൽ നാലുവരെയാണ് ക്ലാസുകൾ. ഈ അഞ്ചുമണിക്കൂർ തന്നെ പുതിയ സമയക്രമത്തിലും ലഭിക്കും. മുമ്പ് കോളജുകളിലേക്കുള്ള ദൂരക്കൂടുതലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതുമായിരുന്നു പത്തുമുതൽ ക്ലാസ് തുടങ്ങാനുള്ള കാരണം. ഇപ്പോൾ ആ പ്രശ്നങ്ങളില്ല. വിദേശ സർവകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ് തുടങ്ങും. കൂടുതൽ പഠനസമയം ലഭിക്കാനും ഇതാണ് നല്ലത്.

മുമ്പ് പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ എട്ടുമുതലും ഉച്ചയ്ക്ക് ഒന്നുമുതലും ക്ലാസുകൾ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായതിനാൽ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം വകുപ്പിനാണ്. സർവകലാശാലാ വകുപ്പുകൾ നടത്തുന്ന കോഴ്‌സുകളിൽ സർവകലാശാലകൾ തീരുമാനിക്കണം. സമയക്രമം മാറ്റുന്നപക്ഷം പ്രൊഫഷണൽ കോളേജുകളിലും ഇത് ബാധകമാക്കാൻ തടസ്സമില്ല. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com