ടിക് ടോകിലൂടെ പരിചയം, മക്കളുമായി ഒളിച്ചോടിയ യുവതിയും കാമുകനും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 12:44 PM  |  

Last Updated: 21st February 2020 12:44 PM  |   A+A-   |  

love

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകന്റെ ഒപ്പം മക്കളെയും കൂട്ടി നാടുവിട്ട വീട്ടമ്മയെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പിടികൂടി. തൊളിക്കോട് സ്വദേശിയായ 36 കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈര്‍ എന്ന 32കാരനെയുമാണ് വിതുര പൊലീസ് പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു ഇവര്‍.

ഈ മാസം ആറിനാണ് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ല എന്ന പരാതിയുമായി വിതുര പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയ്ക്ക് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈര്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. ടിക്‌ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത് എന്നും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് സുബൈറിന്റെ നമ്പര്‍ നിരീക്ഷിച്ചതോടെ ഇവര്‍ വിജയവാഡയിലുണ്ടെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ് ഐ സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാല്‍, അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും പശ്ചിമബംഗാളിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ബംഗ്ലാദേശ് അതിര്‍ത്തിയായ മുര്‍ഷിദാബാദില്‍ ഹൂഗ്ലി നദിയുടെ തീരത്തെ ഉള്‍ഗ്രാമത്തില്‍ സുബൈറിന്റെ കീഴില്‍ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണര്‍ സംഘടിച്ച് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദംഗല്‍ പൊലീസ് ഇവരെ പിടികൂടി കേരള പൊലീസിന് കൈമാറുകയായിരുന്നു.