പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സിൽ കൊണ്ടു നടന്നു; രണ്ടാം വട്ടം മോഷണത്തിനിടെ കയ്യോടെ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 11:06 AM  |  

Last Updated: 21st February 2020 11:06 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സിൽ കൊണ്ടുനടന്ന സപ്ലൈ ഓഫീസർ, ആഴ്ചകൾക്കു ശേഷം അതേ ആൾ വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടികൂടി.  ആദൂരിലെ പോക്കറ്റടിക്കാരൻ മുഹമ്മദ് (62) നെയാണ് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസർ ചുള്ളിക്കര കോച്ചേരിൽ സജി പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.

സജിയുടെ പോക്കറ്റിലെ പഴ്സിൽ നിന്ന് 500 രൂപ മോഷ്ടിക്കവെ ഒടയംചാലിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇയാൾ തന്നെ ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും ഇതേ രീതിയിൽ പണം മോഷ്ടിച്ചിരുന്നു. അന്ന് പണം നഷ്ടപ്പെട്ടത് അറിയുമ്പോഴേക്കും പോക്കറ്റടിച്ചയാൾ ഒടയംചാലിൽ ഇറങ്ങിയിരുന്നു. തൊട്ടടുത്തു കണ്ട മുഖപരിചയമാണ് വീണ്ടും മോഷണത്തിനിടെ കള്ളനെ കയ്യോടെ പിടികൂടാൻ സഹായിച്ചത്.

ചുള്ളിക്കരയിൽ നിന്നാണ് സജി കാഞ്ഞങ്ങാട്ടേയ്ക്ക് ബസ് കയറിയത്.  കയറിയ ഉടനെ മൂന്നു പേർ അടുത്തേക്കു ചേർന്നു നിന്നു. അതിൽ ഒരാൾ പോക്കറ്റടിക്കാരൻ മുഹമ്മദായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും പോക്കറ്റടിക്കാൻ മുതിരുന്നതു വരെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. പഴ്സിൽ നിന്നും പണം കയ്യിൽ എടുത്തതോടെ പിടികൂടി അമ്പലത്തറ പൊലീസിന് കൈമാറുകയായിരുന്നു.