മന്ത്രി ഇ പി ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പിടിയിലായത് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പിടിയില്‍
മന്ത്രി ഇ പി ജയരാജന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പിടിയിലായത് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പിടിയില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. പയ്യന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തംഗവും യൂത്ത് ലീഗ് നേതാവുമായ കെ പി അനൂപ് കുമാര്‍,  ചെറുവത്തൂര്‍ തുരുത്തിയിലെ പ്രിയദര്‍ശന്‍  എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 17 ലക്ഷം ആവശ്യപ്പെട്ട പ്രതികള്‍  50,000 രൂപ അഡ്വാന്‍സും വാങ്ങി.

വ്യവസായമന്ത്രി ഇപി ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കണ്ണൂര്‍  എയര്‍പോര്‍ട്ടില്‍  ജോലി ചെയ്യുന്ന പലരും തങ്ങളുടെ സ്വാധീനത്തില്‍ കയറിയവരാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കെണിയില്‍ വീഴ്ത്തിയത്. ഇടപാടുകളില്‍ സംശയം തോന്നിയതോടെയാണ് യുവാവ് പരാതി നല്‍കിയത്. തട്ടിപ്പില്‍ ഒരാള്‍ക്ക്  കൂടി പങ്കുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ്  അറിയിച്ചു. കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും  അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ്  പറഞ്ഞു. മന്ത്രിയുടെ പേരുപയോഗിച്ച് നടത്തിയ സമാന തട്ടിപ്പ് കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com