ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ല: മന്ത്രി എം എം മണി

സൗരോര്‍ജ്ജത്തിലൂടെ വൈദ്യതിയുടെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും

ആലപ്പുഴ: സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിങും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. സൗരോര്‍ജ്ജത്തിലൂടെ വൈദ്യതിയുടെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കും. പുരപ്പുറ സോളാര്‍, ഡാമുകളിലെ ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതികളിലൂടെ അത് സാധ്യമാകും. ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞ ഇടുക്കിജലവൈദ്യുത പദ്ധതിയുടെ രണ്ടാഘട്ടത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി മണി പറഞ്ഞു. 

കെ എസ് ഇ ബിയെ പരാതിരഹിത സ്ഥാപനമാക്കുന്നതിനും പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു ലൈനില്‍ വൈദ്യുതി മുടങ്ങിയാല്‍ ഓട്ടോമാറ്റിക്കായി മറ്റൊരു ലൈനില്‍ നിന്ന്  കറന്റ് ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലുള്ള നവീകരണങ്ങള്‍ മേഖലയില്‍ പരിഗണിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. വേണ്ടതിന്റെ 70%വൈദ്യുതിയും വിവിധ കരാറുകള്‍ പ്രകാരം പുറമെ നിന്ന് എത്തിക്കുന്നതാണ്. ഈ സാഹചര്യത്തിലും വിതരണ തടസമില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി കാര്യക്ഷമമായി ജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. അത് ഫലപ്രദമാക്കാനും കഴിഞ്ഞിട്ടുണ്ട്. 

ജല വൈദ്യുത പദ്ധതികള്‍ക്ക് സാദ്ധ്യതകള്‍ ഇനി പരിമിതമാണ്. താപനിലയങ്ങളും സംസ്ഥാനത്തിന് ആദായകരമോ  യോജിച്ചതോ അല്ല. ഈ സാഹചര്യത്തിലാണ് സൗരോര്‍ജത്തെ ആശ്രയിച്ച് വന്‍ മുന്നേറ്റത്തിനൊരുങ്ങുന്നത്. ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിയില്‍ സഹായിക്കുന്നതിന് കേന്ദ്രത്തിന് പ്രത്യേക സ്‌കീമുണ്ട്. അത് പ്രയോജനപ്പെടുത്തും. പുരപ്പുറ സോളാര്‍ പദ്ധതിക്കായി രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വൈദ്യുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ലക്ഷ്യമിട്ട ഏറ്റവും പ്രധാനകാര്യങ്ങളെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമ്പൂര്‍ണ്ണ  വൈദ്യുതീകരണമാണ്. ഓഖിയും രണ്ടു പ്രളയങ്ങളും കനത്ത നഷ്ടം കെ എസ് ഇ ബിക്കുണ്ടാക്കിയെങ്കിലും ദിവസങ്ങള്‍ക്കകം തകരാറുകള്‍ പരിഹരിക്കാനും വൈദ്യുതിബന്ധം സാധാരണ നിലയിലാക്കാനും കഴിഞ്ഞു. ഇതിലെല്ലാം കെ എസ് ഇ ബി ജീവനക്കാര്‍ മികച്ച പങ്കാണ് വഹിച്ചത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൃത്യതയോടെ അര്‍ഹമായ തോതില്‍ നല്‍കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും മന്ത്രിയെന്ന നിലയ്ക്ക് തന്റെയും സുനിശ്ചിത നിലപാടെന്നും മന്ത്രി മണി പറഞ്ഞു.

അഡ്വ എ എം ആരിഫ് എം പി അധ്യക്ഷത വഹിച്ചു. വൈദ്യതി മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി അദാലത്ത് നടത്തുന്നത്. ഒട്ടേറെ നൂലാമാലകളും തടസങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന വൈദ്യുതി അദാലത്ത് ഇതിനകം 12 ജില്ലകളില്‍ വിജയകരമായി നടത്താനായത് സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണ് പ്രതിഫലിപ്പിക്കുന്നത്.

അഡ്വ യു പ്രതിഭ എം എല്‍ എ, നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബഷീര്‍ കോയാപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ എല്‍ സലിലാകുമാരി കെ എസ് ഇബി ചെയര്‍മാനും എം ഡിയുമായ എന്‍ എസ് പിള്ള, ഡയറക്ടര്‍ പി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com