ആ ബസിലെ 13ാം നമ്പർ സീറ്റ് ബുക്ക് ചെയ്തത് പ്രതീഷ് കുമാർ; അവസാന നിമിഷം യാത്ര ഉപേക്ഷിച്ച ഒരേയൊരാൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2020 07:39 AM  |  

Last Updated: 22nd February 2020 07:39 AM  |   A+A-   |  

prathish

 

പാലക്കാട്: അവിനാശിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ സീറ്റ് ബുക്ക് ചെയ്ത ശേഷം അവസാന നിമിഷം യാത്ര ഉപേക്ഷിച്ച ഒരാളേയുള്ളൂ. അത് വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടിൽ കെഎ പ്രതീഷ് കുമാർ ആണ്. 13ാം നമ്പർ സീറ്റാണ് പ്രതീഷ് കുമാർ ബുക്ക് ചെയ്തത്. 

ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ പോയ പ്രതീഷ് കുമാർ 19ന് ഉച്ച വരെ അവിടെ ഉണ്ടായിരുന്നു. ഏക മകൾ തൻവിയുടെ ചോറൂണ് ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ വ്യാഴാഴ്ച തന്നെ നാട്ടിലെത്താൻ അപകടം നടന്ന ബസിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നു. 

എന്നാൽ, അപ്രതീക്ഷിതമായി 20നു തിരുവനന്തപുരത്തു കമ്പനിയുടെ മീറ്റിങ് തീരുമാനിക്കുകയും പ്രതീഷ് കുമാറിനോടു പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ബസ് യാത്ര ഉപേക്ഷിച്ച് കൊച്ചുവേളി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. തിരക്കിനിടയിൽ ബസ് ടിക്കറ്റ് റദ്ദാക്കാൻ മറന്നതിനാൽ യാത്രക്കാരുടെ ലിസ്റ്റിൽ പ്രതീഷ് കുമാറും ഉൾപ്പെട്ടിരുന്നു. 

തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തയാളുടെ വിവരം അന്വേഷിച്ച് പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ നിന്നു രാവിലെ 9.30ന് ഫോൺ വരുമ്പോഴാണു പ്രതീഷ് അപകട വിവരം അറിയുന്നത്. 13ാം നമ്പർ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലെയും തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാർ അപകടത്തിൽ തൽക്ഷണം മരിച്ചു.