കാറിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; റോഡിൽ പണം ചിതറിക്കിടക്കുന്നത് കണ്ടാൽ എടുക്കരുത്; അത് കെണിയാവാം

റോഡിൽ കുറച്ച് കറൻസി നോട്ടുകൾ വെറുതെ കിടക്കുന്നത് കണ്ട് വാരിയെടുക്കാൻ കാറിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
കാറിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; റോഡിൽ പണം ചിതറിക്കിടക്കുന്നത് കണ്ടാൽ എടുക്കരുത്; അത് കെണിയാവാം

കൊച്ചി: റോഡിൽ കുറച്ച് കറൻസി നോട്ടുകൾ വെറുതെ കിടക്കുന്നത് കണ്ട് വാരിയെടുക്കാൻ കാറിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. അതൊരു കെണിയാണ് നിങ്ങളുടെ ശ്രദ്ധ തിരിച്ച് പണം കവരാനുള്ള കെണി. രണ്ടാഴ്ച മുൻപ് എംജി റോഡിൽ ഒരു ബാങ്കിൽ പണം അടയ്ക്കാൻ വന്നയാളുടെ 2.72 ലക്ഷം രൂപയാണ് ഇത്തരത്തിൽ കവർച്ച ചെയ്തത്. 

തമിഴ്നാട് തിരുച്ചിറപ്പള്ളി രാംജി ന​ഗർ എന്ന തിരുട്ടു ​ഗ്രാമത്തിൽ നിന്നുള്ളവരാണു കവർച്ചയ്ക്ക് പിന്നിലെന്നാണ് സെൻട്രൽ പൊലീസിന് ലഭിച്ച വിവരം. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ എത്തുന്നവരെയാണു സംഘം ലക്ഷ്യമിടുന്നത്. 

നിർത്തിയിടുന്ന കാറിന്റെ ഡ്രൈവറുടെ ഭാ​ഗത്ത് 10, 20, 50, 100 രൂപയുടെ കറൻസി നോട്ടുകൾ വിതറും. ഡ്രൈവർ സീറ്റിലുള്ളവരെ ​ഗ്ലാസിൽ തട്ടി വിളിക്കും. റോഡിൽ കിടക്കുന്ന പണം നിങ്ങളുടേതാണോയെന്ന് ചോദിക്കും. സ്വാഭാവികമായും കാറിൽ നിന്ന് ആൾ ഇറങ്ങി കറൻസി നോട്ടുകൾ പെറുക്കിയെടുക്കും. ഈ സമയം നോക്കി സംഘത്തിലെ മറ്റൊരാൾ കാറിൽ നിന്ന് ബാ​ഗ് കവർന്നു കടന്നു കളയും. 

കൊച്ചിയിൽ നേരത്തെയും ഇതേ പോലെയുള്ള കവർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മറൈൻ‍ഡ്രൈവ് മേനകയിൽ സമാന സംഭവം നടന്നിരുന്നു. അന്ന് ബാ​ഗ് നഷ്ടപ്പെട്ടെങ്കിലും അതിൽ പണമുണ്ടായിരുന്നില്ല. മറൈൻ ഡ്രൈവിൽ രണ്ടര വർഷം മുൻപും ഇതേ രീതിയിൽ കവർച്ച നടന്നിരുന്നു. ഈ കേസിൽ സെൻട്രൽ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. 

ഇന്ത്യയിൽ പല ഭാ​ഗത്തും തിരുട്ടു ​ഗ്രാമത്തിൽ നിന്നുള്ളവർ സമാനമായ കവർച്ച നടത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂ‌ചനകളുണ്ടെങ്കിലും തിരുട്ടു ​ഗ്രാമത്തിൽ നിന്ന് ഇവരെ പിടികൂടുക എളുപ്പമല്ല. എങ്കിലും പ്രതികൾക്കായി ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com