കൊല്ലത്ത് കണ്ടെത്തിയത് പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍?;  ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്നവയെന്ന് നിഗമനം

കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം. പിഒഎഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം. സ്ഥലത്ത് വീണ്ടും ബോംബ് സ്‌ക്വാഡിന്റെ പരിശോധന ആരംഭിച്ചിരിക്കുകയാണ്. എസ്പി അടക്കമുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്ന് 14 വെടിയുണ്ടകളാണ് കണ്ടെടുത്തത്.കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിനിടെയാണ് ഇവ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന സംശയം ഉയര്‍ന്നത്.

പാകിസ്ഥാന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്ന ഇടമാണ് പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന 7.62 എംഎം വെടിയുണ്ടകളാണിവ എന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പിഒഎഫില്‍ നിര്‍മ്മിച്ചതാണ് എന്ന സംശയത്തില്‍ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പൊലീസ്. 10 എണ്ണം ബുള്ളറ്റ് കെയ്‌സില്‍ വെച്ച രീതിയിലും നാലെണ്ണം പുറത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com