നാളത്തെ ഹര്‍ത്താല്‍: കെഎസ്ആര്‍ടിസിയെ ബാധിക്കില്ല; സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശം

സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് നിര്‍ദേശം.
നാളത്തെ ഹര്‍ത്താല്‍: കെഎസ്ആര്‍ടിസിയെ ബാധിക്കില്ല; സര്‍വീസ് മുടക്കരുതെന്ന് നിര്‍ദേശം


കോട്ടയം: ഞായറാഴ്ച ചില പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണമെന്നു കാണിച്ചു കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് ഡപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നോട്ടിസ് നല്‍കി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് നിര്‍ദേശം.

വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെങ്കില്‍ പൊലീസ് സഹായം തേടണമെന്നും സ്‌റ്റേറ്റ് സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നോട്ടിസില്‍ പറയുന്നു.

സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്.

വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com