കൊലപാതകത്തിന് തലേന്ന് ശരണ്യയുടെ വീടിന് സമീപം കാമുകനെത്തി ?;സിസിടിവി ദൃശ്യങ്ങളില്‍ സ്ഥിരീകരണം ; വിശദമായി ചോദ്യം ചെയ്യാനുറച്ച് പൊലീസ്

ശരണ്യ ഫോണെടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്ന് ചോദിച്ച് കാമുകന്‍ ദേഷ്യപ്പെട്ടിരുന്നു
കൊലപാതകത്തിന് തലേന്ന് ശരണ്യയുടെ വീടിന് സമീപം കാമുകനെത്തി ?;സിസിടിവി ദൃശ്യങ്ങളില്‍ സ്ഥിരീകരണം ; വിശദമായി ചോദ്യം ചെയ്യാനുറച്ച് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ ഒന്നരവയസ്സുകാരന്‍ വിയാന്റെ മരണവുമായി ബന്ധപ്പെട്ട് ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ശരണ്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശരണ്യ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകള്‍ പൊലീസിന് നല്‍കിയത്.

തുരുതുരെ മിസ്ഡ് കോളുകള്‍ വന്നതിനെ തുടര്‍ന്ന് ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പൊലീസ് ശരണ്യയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശരണ്യ ഫോണെടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്ന് ചോദിച്ച് കാമുകന്‍ ദേഷ്യപ്പെട്ടിരുന്നു. പിന്നീട് വിളിക്കാം എന്നു പറഞ്ഞ് ശരണ്യ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മറുതലയ്ക്കല്‍ ഉള്ളത് ആരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ശരണ്യ വ്യക്തമായ മറുപടി നല്‍കിയുമില്ല.

തുടര്‍ന്ന് ചാറ്റ് ഹിസ്റ്ററി അടക്കം പരിശോധിച്ചാണ് ശരണ്യയുടെ കാമുകന്റെ കാര്യം പൊലീസ് സ്ഥിരീകരിച്ചത്. ശരണ്യയുടെ വീട്ടില്‍ നിന്നും കാമുകന്റെ വോട്ടര്‍ കാര്‍ഡ് അടക്കമുള്ളവ കണ്ടെടുത്തതായും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. തെളിവുകളെല്ലാം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ശരണ്യ കാമുകന്റെ കാര്യം സമ്മതിച്ചത്. കാമുകനൊപ്പം പോകാനാണ് മകനെ കൊലപ്പെടുത്തിയതെന്നും ശരണ്യ പൊലീസിനോട് വെളിപ്പെടുത്തി.

അതിനിടെ ശരണ്യ മകന്‍ വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശരണ്യയുടെ വീടിനു പിറകുവശത്തെ റോഡില്‍ ബൈക്കില്‍ ഇയാളെ കണ്ടിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്.

റോഡില്‍ നില്‍ക്കുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നില്‍ക്കുന്നു എന്നാണു പറഞ്ഞത്.  പൊലീസ് പോയി എന്നു പറഞ്ഞ് അല്‍പ സമയം കഴിഞ്ഞ് ഇയാള്‍ ഇവിടെ നിന്നു പോയി. എന്നാണ് നാട്ടുകാരിലൊരാള്‍ സിറ്റി പൊലീസിന് നല്‍കിയ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കില്‍ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളുടെ കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അറിവോ, പ്രേരണയോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com