'സ്വാ​ഗതമൊക്കെ പിന്നെപ്പറയാം, എനിക്ക് വേറെ പരിപാടിയുണ്ട്, മറ്റു വഴിയില്ല' ; പ്രസം​ഗം ഇടയ്ക്കുവെച്ച് തടഞ്ഞ് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2020 10:13 AM  |  

Last Updated: 22nd February 2020 10:13 AM  |   A+A-   |  

 

തിരുവനന്തപുരം: സ്വാഗതപ്രസംഗം നടക്കുന്നതിനിടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റു. സ്വാ​ഗത പ്രസം​ഗകയെ തടഞ്ഞ മുഖ്യമന്ത്രി, താൻ ചടങ്ങ് ഉദ്​ഘാടനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് പെട്ടെന്ന് പ്രസം​ഗം വായിച്ചു തുടങ്ങി. മലയാളം മിഷന്റെ മലയാള ഭാഷ പ്രതിഭാ പുരസ്കാര സമർപ്പണം ‘മലയാൺമ 2020’-ന്റെ  ചടങ്ങിലായിരുന്നു സംഭവം.

നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്ന് പറഞ്ഞ് വേദിവിട്ടു. അയ്യങ്കാളി ഹാളിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ തിങ്ങിനിറങ്ങ ഹാളിലായിരുന്നു പരിപാടി നടന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് നിശ്ചയിച്ച പരിപാടി മുഖ്യമന്ത്രി ഒരു മണിക്കൂർ വൈകിയതിനാൽ മൂന്നുമണിക്കാണ് ആരംഭിച്ചത്.

ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ മുഖ്യമന്ത്രി എത്താനായി കാത്തിരുന്നു. മുഖ്യമന്ത്രി എത്തിയതോടെ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻജോർജ് സ്വാഗതപ്രസംഗം തുടങ്ങി. സ്വാ​ഗതപ്രസം​ഗം ഒരു മിനുട്ട് ആകുംമുമ്പേ  മുഖ്യമന്ത്രി എഴുന്നേറ്റതോടെ വേദിയിലും സദസ്സിലുമുള്ളവർ അമ്പരന്നു.

അധ്യക്ഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രൊഫ. വി.എൻ. മുരളിയും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു. മുഖ്യമന്ത്രി മൈക്ക്സ്റ്റാൻഡിന് അടുത്തേക്ക്‌ എത്തി പ്രസംഗം തുടങ്ങി. ‘‘സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തിൽ സ്വാഭാവികമായും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല’’എന്നുപറഞ്ഞ മുഖ്യമന്ത്രി മിഷന്റെ പ്രവർത്തനങ്ങളെ പരാമർശിച്ചും അവാർഡ് ജേതാക്കളെ അനുമോദിച്ചും പ്രസംഗം നിർത്തി.

റേഡിയോ മലയാളത്തിന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം ഭാഷാസാങ്കേതികവിദ്യാ മികവിനുള്ള പുരസ്‌കാരം ഐഫോസിസ് ഡയറകടർ പി.എം. ശശിക്ക് സമ്മാനിച്ചു. മികച്ച അധ്യാപകർക്കും ലോക കേരളസഭയുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സര വിജയികൾക്കും സമ്മാനം നൽകിയാണ് മുഖ്യമന്ത്രി വേദിവിട്ടത്. മുഖ്യമന്ത്രി മടങ്ങിയതോടെ സ്വാഗതപ്രസംഗം തുടർന്നു.