അവർക്ക് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതാനാവില്ല; സ്കൂൾമുറ്റത്ത് കണ്ണീരോടെ 29 കുട്ടികൾ 

പഠിച്ച സ്കൂളിന് സിബി‌എസ്ഇ അംഗീകാരം ഇല്ലെന്ന് അറിഞ്ഞതോടെ കുട്ടികൾ നിരാശയിൽ
അവർക്ക് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതാനാവില്ല; സ്കൂൾമുറ്റത്ത് കണ്ണീരോടെ 29 കുട്ടികൾ 

നാളെ തുടങ്ങാനിരിക്കുന്ന പത്താം ക്ലാസ് പരീക്ഷകൾക്കായി ഇവർ ഉറക്കമൊഴിച്ച് പഠിച്ച പാഠങ്ങൾ വെറുതെയായി. രണ്ടു ദിവസമായി നെട്ടോട്ടമോടി കുട്ടികളും അവരുടെ രക്ഷിതാക്കളും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടതുമില്ല. പഠിച്ച സ്കൂളിന് സിബി‌എസ്ഇ അംഗീകാരം ഇല്ലെന്ന് അറിഞ്ഞതോടെ കുട്ടികൾ നിരാശയിലായി. 

തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെ 29 വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഇക്കുറി പരീക്ഷ എഴുതാൻ കഴിയാത്തത്. സിബിഎസ്ഇ നിയമപ്രകാരം പത്താം ക്ലാസ് പരീക്ഷ എഴുതാൻ കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ പേര് രജിസ്റ്റർ ചെയ്യണം. എന്നാൽ അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിന് സിബിഎസ്ഇ അംഗീകാരമില്ലാത്തതിനാൽ കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്തിരുന്നില്ല. രണ്ട് ദിവസം മുൻപ് മാത്രമാണ് ഇക്കാര്യം കുട്ടികളും രക്ഷിതാക്കളും അറിയുന്നത്. 

കഴിഞ്ഞ ആറ് വർഷവും മറ്റുചില സ്കൂളുകളിലാണ് സ്കൂൾ അധികൃതർ പരീക്ഷ എഴുതിച്ചത്. ഇക്കുറി അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ, ഇക്കാര്യം തങ്ങളിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.

രണ്ടുദിവസമായി രാത്രിയാകുവോളം  സ്കൂൾമുറ്റത്ത് കുത്തിയിരിക്കുകയാണ് കുട്ടികളും അവരുടെ രക്ഷിതാക്കളും. പരീക്ഷയെഴുതാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിച്ച അവർ മുട്ടാത്ത വാതിലുകളില്ല. കേന്ദ്രമന്ത്രി വി മുരളീധരനെയടക്കം നേരിൽ കണ്ടെങ്കിലും ഫലമുണ്ടായില്ല. സ്ഥലം എംഎൽഎ കെജെ മാക്സിയും മറ്റ് പൊതുപ്രവർത്തകരും ചേർന്നാണ് ഇവരെ സമാധാനിപ്പിച്ചത്. 

അടുത്തവർഷം പരീക്ഷയെഴുതിക്കാൻ ശ്രമിക്കാമെന്നാണ് സ്കൂൾ അധികൃതർ ഉറപ്പ് നൽകുന്നത്. രുവർഷം മറ്റേതെങ്കിലും സ്കൂളിൽ പഠിക്കാനുള്ള ചെലവ് വഹിക്കാമെന്നും സ്കൂൾ അധികൃതർ രേഖാമൂലം ഉറപ്പ് നൽകി. എന്നാൽ ഈ കുട്ടികൾക്ക് അടുത്തവർഷം പരീക്ഷയെഴുതണമെങ്കിലും സിബിഎസ്ഇ ബോർഡിന്റെ പ്രത്യേക ഉത്തരവ് വേണം. ഇതിനുള്ള ശ്രമം നടത്തുമെന്ന് പൊതുപ്രവർത്തകരും സ്കൂൾ അധികൃതരും ഉറപ്പുനൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com