'നമ്മുടെ രാജ്യത്തിന്റെ കരുത്ത്'; 105-ാം വയസ്സില്‍ ഭാഗീരഥിയമ്മയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം, പക്ഷേ ഒരു സങ്കടം ബാക്കി...

പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'ല്‍ തിളങ്ങി കൊല്ലം സ്വദേശിനി ഭാഗീരഥിയമ്മ.
'നമ്മുടെ രാജ്യത്തിന്റെ കരുത്ത്'; 105-ാം വയസ്സില്‍ ഭാഗീരഥിയമ്മയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം, പക്ഷേ ഒരു സങ്കടം ബാക്കി...


ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'ല്‍ തിളങ്ങി കൊല്ലം സ്വദേശിനി ഭാഗീരഥിയമ്മ. ജീവിതത്തില്‍ പുരോഗതിയുണ്ടാവണമെങ്കില്‍ നമ്മിലെ പഠിതാവിന് അന്ത്യമുണ്ടാവരുതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഉദാഹരണമായി അവതരിപ്പിച്ചത് 105ാം വയസ്സില്‍ വീണ്ടും പഠനം തുടങ്ങിയ ഭാഗീരഥിയമ്മയുടെ ജീവിതകഥയാണ്.

'ഭാഗീരഥിയമ്മ പ്രചോദനമാവണമെന്നു പറയുമ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും ആരാണിതെന്ന്. ഭാഗീരഥിയമ്മ കേരളത്തിലെ കൊല്ലത്തു ജീവിക്കുന്നു. കുഞ്ഞായിരിക്കുമ്പോഴെ അമ്മയെ നഷ്ടമായി. വളരെ ചെറുപ്പത്തിലേ വിവാഹിതയായി. വൈകാതെ, ഭര്‍ത്താവിനെയും നഷ്ടമായി. എന്നാല്‍, ധൈര്യവും ഉത്സാഹവും നഷ്ടപ്പെടുത്താന്‍ ഭാഗീരഥിയമ്മ തയാറായില്ല.

10 വയസാകുംമുന്‍പേ പഠനം നിര്‍ത്തേണ്ടിവന്ന ഭാഗീരഥിയമ്മ വീണ്ടും പഠനം തുടങ്ങി; 105ാം വയസ്സില്‍. പ്രായം വകവയ്ക്കാതെ ഭാഗീരഥിയമ്മ 4ാം ലെവല്‍ പരീക്ഷയെഴുതി ഫലത്തിനായി കാത്തിരുന്നു. പരീക്ഷയില്‍ 75% മാര്‍ക്ക് നേടി.

തീര്‍ന്നില്ല, കണക്കിനു മുഴുവന്‍ മാര്‍ക്കും നേടി. അമ്മയ്ക്ക് ഇനിയും പഠിക്കണം, ഉയര്‍ന്ന പരീക്ഷകളെഴുതണം. സംശയമില്ല, ഭാഗീരഥിയമ്മയെപ്പോലുള്ളവര്‍ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്, നമുക്കെല്ലാം പ്രചോദനത്തിന്റെ വലിയ സ്രോതസാണ്. ഇന്നു !ഞാന്‍ ഭാഗീരഥിയമ്മയെ പ്രത്യേകമായി അഭിവാദ്യം ചെയ്യുന്നു' - മോദി പറഞ്ഞു.

തെക്കേ അമേരിക്കയിലെ അകൊന്‍കാഗുവ പര്‍വതം കയറിയ പന്ത്രണ്ടുവയസ്സുകാരി മലയാളി ബാലിക കാമ്യ കാര്‍ത്തികേയന്റെ കാര്യവും പ്രധാനമന്ത്രി സ്ഥിരോല്‍സാഹത്തിന്റെയും ആത്മവീര്യത്തിന്റെയും ഉദാഹരണമായി ചൂണ്ടിക്കാട്ടി. മുംബൈയില്‍ നാവികസേനാ കമാന്‍ഡറായ പാലക്കാട് കല്‍പാത്തി സ്വദേശി എസ്. കാര്‍ത്തികേയന്റെയും ലാവണ്യയുടെയും മകളാണു കാമ്യ.

പ്രധാനമന്ത്രിയുടെ അഭിനന്ദനമേറ്റു വാങ്ങിയെങ്കിലും ഭാഗീരഥിയമ്മയ്ക്ക് ഒരു സങ്കടം ബാക്കിയുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഒപ്പിട്ട് വാങ്ങാന്‍ സാധിക്കാത്തതിനാണ് ഭാഗീരഥിയമ്മയുടെ വിഷമം. ഇതിനായി മുട്ടാത്ത വാതിലുകളില്ല. ആധാറില്ലെന്നതായിരുന്നു ആദ്യതടസ്സം. ഒപ്പം  താമസിക്കുന്ന മകളുടെ വീടിന്റെ വലുപ്പമായി പിന്നത്തെ വിഷയം. അതെല്ലാം അതിജീവിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ തുണയായെങ്കിലും അധികൃതര്‍ കനിയുന്നില്ല. ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയതോടെ അദ്ദേഹത്തിന്റെ കത്ത് അടങ്ങുന്ന ഫയല്‍ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനു

മുന്നിലെത്തി. എന്തു ചെയ്യാം, പിന്നീട് ആ ഫയല്‍ അനങ്ങിയിട്ടില്ല. 105-ാം വയസ്സില്‍ എനിക്കെന്തിനാണു പെന്‍ഷന്‍ എന്നാണ് ഉദ്യോഗസ്ഥരില്‍ ചിലരുടെ സംശയം.  സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഔദാര്യമല്ലല്ലോ, എന്റെ അവകാശമല്ലേ...' -ഭാഗീരഥിയമ്മ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com