മോദിയുടെ പരാമര്‍ശത്തിലൂടെ രാജ്യശ്രദ്ധ നേടിയ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി; കെ സുരേന്ദ്രന്‍ ഷാളണിയിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2020 05:15 PM  |  

Last Updated: 24th February 2020 05:15 PM  |   A+A-   |  

 

കൊല്ലം: 105-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായ ഭാഗീരഥി അമ്മയെ ആദരിച്ച് ബിജെപി. കൊല്ലം കാവനാട്ടിലുളള വസതിയില്‍ എത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ചാണ് ആദരിച്ചത്. കുറച്ചുനേരം ഭാഗീരഥി അമ്മയൊടൊപ്പം ചെലവഴിച്ച ശേഷമാണ് സുരേന്ദ്രന്‍ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സുരേന്ദ്രന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഭാഗീരഥി അമ്മ രാജ്യശ്രദ്ധ നേടിയത്.
ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈവരിച്ച നേട്ടങ്ങളും അവരുടെ അധ്വാനശീലവും പരാമര്‍ശിക്കുന്നതിനിടെയായിരുന്നു 105-ാം വയസ്സില്‍ പഠനം വീണ്ടും ആരംഭിച്ച ഭാഗീരഥി അമ്മയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഭാഗീരഥി അമ്മ.

'ഭാഗീരഥി അമ്മയുടെ വിജയത്തിന്റെ കഥകേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടുപോകും. ജീവിതത്തില്‍ പുരോഗതി ആഗ്രഹിക്കുന്നെങ്കില്‍, വളര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍, എന്തെങ്കിലും വലിയ കാര്യം ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, നമ്മുടെ ഉള്ളിലെ വിദ്യാര്‍ഥി ഒരിക്കലും മരിക്കരുതെന്നതാണ് ആദ്യത്തെ നിബന്ധന. നമ്മുടെ 105 വയസ്സുകാരി ഭാഗീരഥി അമ്മ നമുക്ക് ആ പ്രേരണയാണേകുന്നത്.  ഭാഗീരഥി അമ്മയെപ്പോലുള്ള ആളുകള്‍ ഈ നാടിന്റെ ശക്തിയാണ്. വലിയ പ്രേരണാസ്രോതസ്സാണ്. ഞാന്‍ ഭാഗീരഥി അമ്മയെ വിശേഷാല്‍ പ്രണമിക്കുന്നു'-മോദി പറഞ്ഞു.