കേരളത്തിലും കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഡല്‍ഹിയില്‍ നടക്കുന്നത് ന്യൂനപക്ഷ കേന്ദ്രീകൃതമായ ആക്രമണങ്ങളെന്ന് കെ സുരേന്ദ്രന്‍

രാജ്യത്തു പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്നുവന്ന സമരങ്ങളെല്ലാം അപ്രസക്തമായി
കേരളത്തിലും കലാപം സൃഷ്ടിക്കാന്‍ ശ്രമം; ഡല്‍ഹിയില്‍ നടക്കുന്നത് ന്യൂനപക്ഷ കേന്ദ്രീകൃതമായ ആക്രമണങ്ങളെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഡല്‍ഹിയില്‍ ഒരുവിഭാഗം ആളുകള്‍ പൗരത്വ നിയമ വിരുദ്ധമെന്ന പേരില്‍ നടത്തിവരുന്ന അക്രമ സമരം രാജ്യത്തിന്റെ സമാധാനവും ജനജീവിതവും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ വന്നു സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുകയും ലോകം മുഴുവന്‍ അത് ഉറ്റു നോക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് അക്രമസമരം നടത്തുന്നതിനു പിന്നില്‍. എന്നാല്‍ അക്രമികളുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ ഡല്‍ഹിയിലെ ജനങ്ങള്‍ അവരെ നിരാകരിക്കുകയാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യായുഎസ് ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമാകുന്നതോടെ നമ്മുടെ രാജ്യത്തിനു നിരവധി നേട്ടങ്ങളാണുണ്ടാകുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം രാജ്യത്തുണ്ടാക്കിയ ചലനം അതു വ്യക്തമാക്കുന്നതാണ്. ഈ നേട്ടത്തില്‍ വിറളിപൂണ്ടവരാണ് അക്രമ സമരം നടത്തി ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുന്നത്.

രാജ്യത്തു പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്നുവന്ന സമരങ്ങളെല്ലാം അപ്രസക്തമായി. നിയമത്തിന്റെ ശരിയായ വശം മനസ്സിലാക്കിയ ജനങ്ങള്‍, അവരെ വഴിതെറ്റിക്കാന്‍ നുണകള്‍ പ്രചരിപ്പിച്ചിരുന്ന രാഷ്ട്രീയക്കാരെ നിരാകരിച്ചു പൗരത്വനിയമ ഭേദഗതിയെ അംഗീകരിച്ചു. ന്യൂനപക്ഷമായ ചിലര്‍ നടത്തുന്ന അക്രമ സമരങ്ങള്‍ മാത്രമാണിപ്പോള്‍ ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ മാത്രം നടന്നുവരുന്നത്. ഡല്‍ഹിയിലെ ദേശവിരുദ്ധ സമരത്തെ കേരളത്തിലെ ചില നേതാക്കള്‍ പിന്തുണച്ചു രംഗത്തുവന്നത് കേരളത്തിലും കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. രാജ്ഭവനുമുന്നില്‍ ചിലര്‍ നടത്തുന്ന സമരത്തിന് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ സമീപനവും അതിനു തെളിവാണെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com