കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്ത് കഞ്ചാവ് കൈമാറാനെത്തി ; യുവാവ് പിടിയില്‍

ബീഡിക്കുള്ളിലും പൊതിയിലുമാക്കിയ കഞ്ചാവ് പ്രത്യേകം ഇന്‍സുലേഷന്‍ ചുറ്റിയാണ് ഇയാള്‍ എത്തിച്ചിരുന്നത്
കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്ത് കഞ്ചാവ് കൈമാറാനെത്തി ; യുവാവ് പിടിയില്‍

മലപ്പുറം : കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്തുവെച്ച് കഞ്ചാവ് കൈമാറാനെത്തിയ യുവാവ് പിടിയിലായി. താനൂര്‍ കോറമന്‍ കടപ്പുറം സ്വദേശി കോപ്പിന്റെ പുരക്കല്‍ ഉദൈഫാണ് പിടിയിലായത്. താനൂര്‍ അഞ്ചുടി ഇസ്ഹാഖ് വധക്കേസിലെ പ്രതികള്‍ക്കാണ് ഇയാള്‍ കഞ്ചാവ് കൈമാറാനെത്തിയത്. പരപ്പനങ്ങാടി എക്‌സൈസാണ് ഇയാളെ പിടികൂടിയത്.

ഇസ്ഹാഖ് വധക്കേസിലെ പ്രതി സുഹൈലിന് നല്‍കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. റിമാന്‍ഡ് കാലവധി നീട്ടുന്നതിനായാണ് പ്രതികളെ പരപ്പനങ്ങാടി കോടതിയിലെത്തിച്ചത്. പരപ്പനങ്ങാടി കോടതിക്ക് സമീപം പുത്തരിക്കലിലെ തിയ്യേറ്ററിനടുത്ത് നിന്നാണ് 50 ഗ്രാം കഞ്ചാവും രണ്ട് ബീഡി പാക്കറ്റുകളുമായി ഉദൈഫ് പിടിയിലായത്.

ബീഡിക്കുള്ളിലും പൊതിയിലുമാക്കിയ കഞ്ചാവ് പ്രത്യേകം ഇന്‍സുലേഷന്‍ ചുറ്റിയാണ് ഇയാള്‍ എത്തിച്ചിരുന്നത്. കഞ്ചാവും ബീഡിയും പ്രതി സുഹൈലിന് കൈമാറാനായിരുന്നു നീക്കം. സുഹൈലിന്റെ സുഹൃത്ത് താനൂരിലെ ചീരാം കടപ്പുറം സ്വദേശി മുക്താര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉദൈഫ് കഞ്ചാവ് നല്‍കാനെത്തിയത്. ഉദൈഫിനെതിരെ താനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പോക്‌സോയടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com