പബ്ബും ബ്രൂവറിയുമില്ല, ഡ്രൈഡേയില്‍ മാറ്റമില്ല  ; ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടും ; മദ്യനയത്തിന് അംഗീകാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 10:16 AM  |  

Last Updated: 25th February 2020 10:16 AM  |   A+A-   |  

 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഡ്രൈഡേയില്‍ മാറ്റമില്ല. പബ്ബുകളും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനും, ഡിസ്റ്റിലറികളില്‍ നിന്ന് ടൈ അപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്നും, ജനവികാരം എതിരാക്കേണ്ടെന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലാകും ലേലം. ബാര്‍ ലൈന്‍സുള്ള ക്ലബുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് എടുത്ത് കളയാനും പുതിയ മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്. രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കുന്നതാണ് എടുത്തുകളഞ്ഞത്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭ പരിഗണിച്ചത്. സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മൈക്രോ ബ്രൂവറികളും തുടങ്ങാനുള്ള ആവശ്യം ഉയര്‍ന്നിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറ്റില്‍ ഇതിനെതിരെ എതിര്‍പ്പുയര്‍ന്നു. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ജനരോഷം ഉയര്‍ത്തുന്ന നടപടി വേണ്ടെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതോടെയാണ് പബ്ബുകള്‍ അടക്കം മദ്യനയത്തില്‍ കാര്യമായ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്.