പാക് വെടിയുണ്ടകള്‍ :വൈദ്യുതി ബില്ല് തമിഴ്‌നാട്ടിലേത് ; കോഴിഫാം ഉടമയെ ചോദ്യം ചെയ്തു ; അതിര്‍ത്തി പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

കേരള പൊലീസിന് പുറമെ, എന്‍ഐഎ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്
പാക് വെടിയുണ്ടകള്‍ :വൈദ്യുതി ബില്ല് തമിഴ്‌നാട്ടിലേത് ; കോഴിഫാം ഉടമയെ ചോദ്യം ചെയ്തു ; അതിര്‍ത്തി പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

കൊല്ലം : കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. വെടിയുണ്ടയ്‌ക്കൊപ്പം ലഭിച്ച വൈദ്യുതി ബില്‍ തമിഴ്‌നാട്ടിലെ കോഴിഫാമിന്റേതാണെന്ന് കണ്ടെത്തി. വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്നത് രണ്ടു മലയാള ദിനപത്രങ്ങളിലായിരുന്നു. ഇതിനോടൊപ്പമാണ് തമിഴ്‌നാട്ടിലെ വൈദ്യുതി ബില്ലും ലഭിച്ചത്.

കോഴി ഫാം ഉടമയെ ചോദ്യം ചെയ്ത ശേഷം അന്വേഷണസംഘം വിട്ടയച്ചു. ഇയാള്‍ക്കു കേസുമായുള്ള ബന്ധം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഉള്‍പ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായവും തേടി.

മാവോയിസ്റ്റുകളെയും തീവ്രവാദ സംഘടനകളെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കുളത്തൂപ്പുഴ മുപ്പതടിപാലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇതില്‍ 12 എണ്ണത്തില്‍ പാക്ക് സൈന്യത്തിനു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്ന പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വെടിയുണ്ടകള്‍ മുന്‍സൈനികരോ മറ്റോ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സംസ്ഥാന പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്‌ക്വാഡും കൊല്ലം റൂറല്‍ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. കേരള പൊലീസിന് പുറമെ, എന്‍ഐഎ, മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com