രാഷ്ട്രീയ ഇടപെടലുകളില്‍ വിയോജിക്കാം; എന്നാല്‍ കേരളത്തിന് മന്നം നല്‍കിയ സംഭാവനകള്‍ കാണാതിരിക്കരുത്: മുഖ്യമന്ത്രി

എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമവാര്‍ഷികത്തില്‍ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
രാഷ്ട്രീയ ഇടപെടലുകളില്‍ വിയോജിക്കാം; എന്നാല്‍ കേരളത്തിന് മന്നം നല്‍കിയ സംഭാവനകള്‍ കാണാതിരിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമവാര്‍ഷികത്തില്‍ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ പലതിനോടും വിയോജിക്കുന്നവര്‍ക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ് എന്ന് പറയാന്‍ കഴിയും. ദുരാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തിന്റെ സ്മരണ ഊര്‍ജം പകരുമെന്ന്' അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ മന്നം അനുസ്മരണ കുറിപ്പ്:

എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ അമ്പതാം ചരമവാര്‍ഷികമാണ് ഇന്ന്.
അദ്ദേഹം നേതൃത്വം നല്‍കിയ സാമൂഹ്യപരിഷ്‌കാരങ്ങള്‍ ഇന്ന് കാണുന്ന കേരളം സൃഷ്ടിക്കുവാന്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. മനുസ്മൃതിയെ അടിസ്ഥാനമാക്കി ദുരാചാരങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ മന്നത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ചെറുത്തത് തിരുവിതാംകൂറിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്.

നായര്‍ സമുദായത്തിലുണ്ടായിരുന്ന പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയ അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിന് മന്നം പ്രേരിപ്പിച്ചു. അയിത്താചരണം അവസാനിപ്പിക്കണം, എല്ലാ ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് സമുദായത്തെക്കൊണ്ട് ആവശ്യപ്പെടുവിക്കുന്നതിന് മന്നം നേതൃത്വം നല്‍കി. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം എന്നിവയില്‍ മന്നം സജീവമായി പങ്കുകൊണ്ടു. വൈക്കം ക്ഷേത്രത്തിനു സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കാന്‍ പിന്നോക്കക്കാരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സവര്‍ണജാഥ നയിച്ചത് മന്നമായിരുന്നു.

മന്നത്തിന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ പലതിനോടും വിയോജിക്കുന്നവര്‍ക്കും അദ്ദേഹം ആധുനിക കേരളത്തിന്റെ രൂപീകരണത്തിനു നല്‍കിയ സംഭാവനകള്‍ ചിരസ്മരണീയമാണ് എന്ന് പറയാന്‍ കഴിയും. ദുരാചാരങ്ങള്‍ക്കും അപരിഷ്‌കൃത ചിന്തകള്‍ക്കുമെതിരായി കേരളം ഇന്നും പോരാടുകയാണ്. നവകേരള സൃഷ്ടിക്കായുള്ള ആ പോരാട്ടത്തിന് സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്തിന്റെ സ്മരണ ഊര്‍ജം പകരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com