വീട്ടമ്മയെ പുലി പിടിച്ചുവെന്ന് പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ സന്ദേശം ; വിജയമ്മയുടെ കൊലപാതകം പീഡനശ്രമത്തിനിടെ ?; യുവാവ് കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2020 08:36 AM  |  

Last Updated: 25th February 2020 08:45 AM  |   A+A-   |  

കൊല്ലപ്പെട്ട വിജയമ്മ

 

ഇടുക്കി : വണ്ടിപ്പെരിയാറില്‍ വീടിനു സമീപം വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. പീഡന ശ്രമത്തിനിടെയാണ് ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50) കൊല്ലപ്പെട്ടതെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു.   

പീഡനശ്രമത്തിനിടെയാണ് വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് നിഗമനം.  പീഡനശ്രമത്തെ എതിര്‍ത്തപ്പോള്‍ കത്തി ഉപയോഗിച്ച് തലയോട്ടിയില്‍ വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.

പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈല്‍ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. രണ്ടു ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട ഷര്‍ട്ടും പൊലീസിനു ലഭിച്ചു. കസ്റ്റഡിയിലുള്ള യുവാവ്, വന്‍ മരങ്ങളില്‍ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണെന്ന് പൊലീസ് പറഞ്ഞു.

മേയാന്‍ വിട്ട പശുവിനെ കൊണ്ടു വരാന്‍ വീട്ടില്‍ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ.  വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചില്‍ കേട്ട സമീപവാസി ഒച്ചവച്ചു. പിന്നാലെ ഒരാള്‍ കാട്ടില്‍ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാര്‍ കാട്ടില്‍ കയറി തിരച്ചില്‍ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്. ഇതിനിടെ ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.