രാത്രിയായാല്‍ പാത്തിരുന്ന് സ്ത്രീകളുടെ മുഖത്തടിക്കും; അജ്ഞാതനായ അക്രമിയുടെ വിളയാട്ടം തുടരുന്നു; ഉറക്കമില്ലാതെ നാട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 02:58 PM  |  

Last Updated: 26th February 2020 10:55 PM  |   A+A-   |  

 

കോഴിക്കോട്: അജ്ഞാതന്റെ വിളയാട്ടത്തില്‍ ഭയന്ന് മലയോര പ്രദേളശങ്ങളിലെ നാട്ടുകാര്‍.  കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളുമാണ് ആശങ്കയില്‍ തുടരുന്നത്. പുരുഷന്‍മാരാകട്ടെ ഇയാളെ പിടികൂടായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയുമാണ്.

രാത്രിയായാല്‍ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ പാത്തിരുന്ന് മുഖത്തടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വീട്ടിലെ മെയിന്‍സ്വിച്ച് ഓഫാക്കുക, വാതിലില്‍ മുട്ടുക, അപശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസര്‍ജനം നടത്തുക തുടങ്ങിയ സംഭവങ്ങളുമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.  

പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  ഇയാളെ കൈയോടെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.

ഓരോ പ്രദേശങ്ങളും മാറിമാറിയാണ് ഇയാള്‍ തന്റെ പൊടിക്കൈ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നാടിനെ വിറപ്പിക്കുന്ന അജ്ഞാതനെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം വയനാട് റോഡില്‍ യുവാവിനെ നാട്ടുകാര്‍ പിടികൂടി തൊട്ടില്‍പ്പാലം പോലീസിന് കൈമാറുകയുണ്ടായി.
ചോദ്യംചെയ്യലില്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ ഇയാളെ പിന്നീട് വിട്ടയക്കുകയായിരുന്നു. പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയാല്‍ ഇയാളെ പിടികൂടാനാവുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.