കണ്ടുനിന്നവർക്ക് നൊമ്പരക്കാഴ്ചയായി; അവിനാശി അപകടത്തിൽ തകർന്ന ബസ് ഏറ്റെടുത്ത് കെഎസ്ആർടിസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 06:01 PM  |  

Last Updated: 26th February 2020 08:56 PM  |   A+A-   |  

 

തിരുപ്പൂർ: കേരളത്തെ നടുക്കിയ അവിനാശി അപകടത്തില്‍ തകര്‍ന്ന ബസ് കെഎസ്ആര്‍ടിസി ഏറ്റെടുത്തു. കെഎസ്ആര്‍ടിസിയുടെ മലപ്പുറം എടപ്പാളിലെ വര്‍ക്​ഷോപ്പിലേക്ക് ബസ് വൈകിട്ട് എത്തിക്കും. വിലാപയാത്ര പോലെയുളള ബസിന്റെ യാത്ര കണ്ടുനിന്നവരെ നൊമ്പരപ്പെടുത്തി.

പൊലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാര്‍ വഴിയാണ് കൊണ്ടുവന്നത്. പാലക്കാട് നിന്ന് എടപ്പാളിലേക്കുളള യാത്രയ്ക്കിടെ പലയിടത്തും ആളുകള്‍ ബസ് കാണാന്‍ പാതയോരത്ത് നിന്നിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചായിരുന്നു ബസിന്റെ നീക്കം. സങ്കടക്കാഴ്ച തന്നെയായിരുന്നു അത്.

തകര്‍ന്ന ഭാഗങ്ങള്‍ ആക്രിവിലയ്ക്ക് വില്‍ക്കാനാണ് തീരുമാനം. എന്‍ജിന് കേടുപാടുകളില്ലെങ്കില്‍ ഉപയോഗിക്കാനാണ് സാധ്യത. പത്തൊന്‍പതുപേര്‍ മരിച്ച അപകടത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ ഇപ്പോഴും കോയമ്പത്തൂരില്‍ ചികില്‍സയിലാണ്.