ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്, അവര്‍ ഒന്നിക്കുകയായിരുന്നു; കോണ്‍ഗ്രസിനെതിരെ നടക്കുന്നത് ഗൂഢാലോചന: കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2020 01:17 PM  |  

Last Updated: 26th February 2020 01:17 PM  |   A+A-   |  

 

കോഴിക്കോട്: ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ച പോലെ ഡല്‍ഹിയിലും ഒന്നിക്കുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി  പറഞ്ഞു. കോഴിക്കോട്  മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിന് എത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നിയമ വാഴ്ചയും ആഭ്യന്തര വകുപ്പും പൂര്‍ണമായും പരാജയപ്പെട്ട് പോയതിന്റെ നേര്‍കാഴ്ചയാണ് കണ്ടത്. ട്രംപ് രാജ്യത്ത് എത്തിയ സമയത്ത് തന്നെ നടന്ന കലാപത്തിലൂടെ ലോകത്തിന് മുന്നില്‍ നമ്മള്‍ നാണം കെട്ടുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊലീസിന്റെ മൗനാനുവാദത്തോടെയാണ് കലാപം നടന്നത്. ഇത് ആഹ്വാന പ്രകാരം നടന്നതാണ്. പോലീസ് നോക്കി നില്‍ക്കെ കലാപകാരികള്‍ വേണ്ടതൊക്കെ ചെയ്തു. ബിജെപി ആഹ്വാനം ചെയ്ത കലാപത്തില്‍ കോണ്‍ഗ്രസ് എന്ത് ചെയ്യാനാണ്. കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് പരത്തുന്നതില്‍ ഗൂഢാലോചനയുണ്ട്. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിന്റെ യഥാര്‍ഥ വസ്തുത അറിയാനും ആഭ്യന്തര മന്ത്രിയെ അടക്കം കാണാനും മുസ്ലീം ലീഗ് പ്രതിനിധി സംഘം നാളെ രാവിലയോടെ ഡല്‍ഹിയിലെത്തും. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡെല്‍ഹിയിലേക്ക് പോവുന്നത്.