18 വയസുകാരിയായ ആദിവാസി യുവതിക്ക്  കാട്ടില്‍ പ്രസവം; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

ആനപ്പാന്തം ആദിവാസി കോളനിയിലെ 18 വയസ്സുള്ള യുവതി വനത്തിനുള്ളിലെ കോളനിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു
18 വയസുകാരിയായ ആദിവാസി യുവതിക്ക്  കാട്ടില്‍ പ്രസവം; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

തൃശ്ശൂര്‍: ആനപ്പാന്തം ആദിവാസി കോളനിയിലെ 18 വയസ്സുള്ള യുവതി വനത്തിനുള്ളിലെ കോളനിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി പ്രസവവേദന തുടങ്ങിയെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനാലാണ് പ്രസവം കാട്ടിലായത്. പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍നിന്ന് കനിവ് 108 ആംബുലന്‍സ് എത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് യുവതി ഗര്‍ഭിണിയായതിനാല്‍ ഭര്‍ത്താവിന്റെ പേരില്‍ വെള്ളിക്കുളങ്ങര പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍, അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിന് മറ്റാരുമില്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് വെള്ളിക്കുളങ്ങര എസ് ഐ ഷിജു പറഞ്ഞു.

തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. ആശുപത്രിയില്‍ പോകാനായി ബന്ധുക്കളോടൊപ്പം ഊരുമിത്രം ആശ പ്രവര്‍ത്തകയായ വിജയയുടെ വീട്ടില്‍ രാത്രി എട്ടുമണിയോടെ യുവതി എത്തി. എന്നാല്‍, വന്യമൃഗങ്ങളുള്ള പ്രദേശത്തേക്ക് വരാന്‍ വണ്ടികളൊന്നും കിട്ടിയില്ല.

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ട്രൈബല്‍ പ്രൊമോട്ടര്‍ ഷീജയുടെ നിര്‍ദേശപ്രകാരം വിജയ 108 ആംബുലന്‍സിന്റെ സേവനം തേടി. രാത്രി 8.55നാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചതെന്ന് കനിവ് 108 ആംബുലന്‍സ് സംസ്ഥാന മീഡിയ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഉടന്‍തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് പ്രദേശത്തേക്ക് തിരിച്ചു.

ആംബുലന്‍സ് പൈലറ്റ് കെ കൃഷ്ണപ്രസാദ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സുനീഷ് മണ്ണുത്തി, താലൂക്ക് ആശുപത്രിയിലെ നഴ്‌സ് സീന എന്നിവര്‍ രാത്രി ഒമ്പതരയോടെ ആനപ്പാന്തം കോളനിയിലെത്തി. എന്നാല്‍, അപ്പോഴേക്കും പ്രസവം നടന്നിരുന്നു.

പ്രസവാനന്തര ശുശ്രൂഷകള്‍ നല്‍കി യുവതിയെ എമര്‍ജന്‍സി ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ട്രൈബല്‍ പ്രൊമോട്ടര്‍ ഷീജ അറിയിച്ചു.

മംഗലം ഡാം സ്വദേശിനിയായ യുവതി ഒരുവര്‍ഷംമുമ്പാണ് വിവാഹം കഴിഞ്ഞ് ആനപ്പാന്തത്ത് എത്തിയത്. യുവതിയുടെ പ്രായം സംബന്ധിച്ച് വെള്ളിക്കുളങ്ങര പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com