ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ മൃതദേഹം; മരിച്ചത് സ്വന്തം അച്ഛനാണെന്നറിയാതെ ആൾക്കൂട്ടത്തിനൊപ്പം മകളും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2020 09:54 AM  |  

Last Updated: 27th February 2020 09:54 AM  |   A+A-   |  

dead

 

ഇടുക്കി: ചാക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം സ്വന്തം പിതാവിന്റെതാണെന്നറിയാതെ കണ്ടു മടങ്ങി മകൾ ഉഷ തമ്പിദുരൈ. മറയൂർ ബാബുനഗറിൽ വൈദ്യുത ഓഫിസിന് പിൻവശത്താണ് മൃതദേ​ഹം കണ്ടെത്തിയത്. 70 വയസ്സ് പ്രായമുള്ള മാരിയപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  

മറയൂർ ബാബുനഗറിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമാണ് ഉഷാ തമ്പിദുരൈ. രാവിലെ നാട്ടുകാർക്കൊപ്പം ഉഷയും മൃതദേഹം കണ്ടെങ്കിലും ഗുരുതരമായി പരുക്കേൽപിച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു മണിക്കൂറിനുശേഷം പൊലീസ് മൃതദേഹത്തിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് തന്റെ പിതാവാണെന്ന് ഉഷ തിരിച്ചറിഞ്ഞത്.

ശരീരമാസകലം വെട്ടും കുത്തും ഏറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കേസിൽ ഫോറൻസിക് വിദ​ഗ്ധരെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. 2 മാസത്തിനിടെ ഇത്  ഏഴാമത്തെ കൊലപാതകക്കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 3 കേസുകളും  ഈ മാസം 4 കേസുകളും റിപ്പോർട്ട് ചെയ്തു.