നാട്ടിലിറങ്ങിയ കാട്ടാന വനപാലകനെ കുത്തിക്കൊന്നു; ആക്രമണം വനത്തിലേക്ക് മടക്കാനുള്ള ശ്രമത്തിനിടെ

പത്തനംതിട്ട റാന്നിയിലാണ് നാടിനെ ഭീതിയിലാഴ്ത്തി കാട്ടാന ഇറങ്ങിയത്
നാട്ടിലിറങ്ങിയ കാട്ടാന വനപാലകനെ കുത്തിക്കൊന്നു; ആക്രമണം വനത്തിലേക്ക് മടക്കാനുള്ള ശ്രമത്തിനിടെ

റാന്നി; നാട്ടിലിറങ്ങിയ അക്രമകാരിയായ കാട്ടാനയെ വനത്തിലേക്ക് മടക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകനെ കാട്ടാനയുടെ കുത്തേറ്റു മരിച്ചു. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ.എസ്.ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കടുമീന്‍ചിറ കട്ടിക്കല്ല് കുന്നുംപുറത്ത് കെ.പി.പൗലോസ്(രാജന്‍62) റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തനംതിട്ട റാന്നിയിലാണ് നാടിനെ ഭീതിയിലാഴ്ത്തി കാട്ടാന ഇറങ്ങിയത്. 

കാട്ടാന നാട്ടിലിറങ്ങിയതറിഞ്ഞ് ബിജു അടക്കമുള്ള വനപാലകസംഘം ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കട്ടിക്കല്ലിലെത്തിയത്. വനത്തിലേക്ക് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാട്ടാന ബിജുവിനെ കുത്തിവീഴ്ത്തിയത്. ബിജുവിനെ റാന്നി താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ടാപ്പിങ് തൊഴിലാളിയായ പൗലോസിനെ കാട്ടാന ആക്രമിച്ചത്. ടാപ്പിങ് നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. തുടര്‍ന്നാണ് റാന്നി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി. പിന്നീട് ഒന്നരയോടെ മടന്തമണ്‍ചെമ്പനോലി റോഡില്‍ വാറുചാലില്‍ കത്തോലിക്കാ പള്ളിക്കു സമീപം പാറകള്‍ നിറഞ്ഞ റബ്ബര്‍ത്തോട്ടത്തില്‍ ആനയെ കണ്ടെത്തി. ബിജു തോക്കുപയോഗിച്ച് വെടിശബ്ദം മുഴക്കിയതിനെത്തുടര്‍ന്ന് ആന മുന്നോട്ടോടി. നിമിഷങ്ങള്‍ക്കുള്ളില്‍ വനപാലകര്‍ക്കുനേരേ ഇത് പാഞ്ഞെത്തുകയായിരുന്നു. ഓടിയെത്തിയ ആന ബിജുവിനെ കുത്തിവീഴ്ത്തി. നെഞ്ചിനു താഴെയായാണ് കുത്തേറ്റത്. 

രാത്രി എട്ടുമണിയോടെ കാട്ടാനയെ തിരികെ കാട്ടിലേക്ക് മടക്കി. കട്ടിക്കല്ലില്‍ റോഡ് മുറിച്ചുകടന്നുപോകുന്നതിനിടയില്‍ ഇതുവഴിയെത്തിയ ബൈക്ക് ആന തുമ്പിക്കൈ കൊണ്ട് തട്ടിവീഴ്ത്തി. ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെട്ടു. നദിയിലിറങ്ങിയ ആന അല്പനേരം അവിടെത്തന്നെ നിന്നു. പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. പന്പാനദിക്ക് മറുകരയിലുള്ള വനത്തില്‍നിന്ന് വെള്ളം കുടിക്കാന്‍ പതിവായി കാട്ടാനകള്‍ ഇവിടെ നദിയിലേക്കത്താറുണ്ട്. രണ്ടാനകള്‍ എത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഒന്നിനെ മാത്രമാണ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com