'നിങ്ങള്‍ ഇത്രയും കൊല്ലം എവിടെയായിരുന്നു?, കുട്ടികളുടെ ഭാവിവച്ച് പന്താടാനാകില്ല'; സിബിഎസ്ഇക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഏഴുവര്‍ഷമായി അംഗീകാരമില്ലാതെ സ്‌കൂള്‍ പ്രവര്‍ത്തിച്ചത് സിബിഎസ്ഇയുടെ അനാസ്ഥ കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു
'നിങ്ങള്‍ ഇത്രയും കൊല്ലം എവിടെയായിരുന്നു?, കുട്ടികളുടെ ഭാവിവച്ച് പന്താടാനാകില്ല'; സിബിഎസ്ഇക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: തോപ്പുംപടി അരുജാ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഏഴുവര്‍ഷമായി അംഗീകാരമില്ലാതെ സ്‌കൂള്‍ പ്രവര്‍ത്തിച്ചത് സിബിഎസ്ഇയുടെ അനാസ്ഥ കൊണ്ടാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിദ്യാര്‍ഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി താക്കീത് നല്‍കി. സ്‌കൂളിനെതിരെ എന്തുനടപടി എടുത്തുവെന്ന് അറിയിക്കണം. സിബിഎസ്ഇ ഡയറക്ടറുടെ അനുമതിയോട് കൂടിയുളള സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഎസ്ഇയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.


സ്‌കൂളിലെ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.'നിങ്ങള്‍ ഇത്രയും കൊല്ലം എവിടെയായിരുന്നു?. നാട് മുഴുവന്‍ സ്‌കൂള്‍ തുറക്കുകയാണ്. പിന്നീട് തിരിഞ്ഞുനോക്കുന്നില്ല. ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പോലും നോക്കുന്നില്ല. ഇത്തരത്തിലുളള ചൂഷണത്തിന് കുട്ടികളെയും രക്ഷിതാക്കളെയും എറിഞ്ഞു കൊടുക്കുന്നത് ഈ കോടതിക്ക് അനുവദിക്കാനാവില്ല'- ഹൈക്കോടതി വിമര്‍ശിച്ചു.

'സിബിഎസ്ഇയുടെ തലവന്മാര്‍ ഡല്‍ഹിയില്‍ ഇരുന്നാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ ഭംഗിയായി നടക്കുക. ഇവിടെ എന്താണ് നടക്കുന്നത് എന്ന്് അറിയാന്‍ എന്തുകൊണ്ടാണ് ശ്രമിക്കാത്തത്?. അരുജാ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തത് വലിയ തര്‍ക്കവിഷയമാണ്. കുട്ടികളുടെ ഭാവിയെ കുറിച്ചുളള ആലോചനകള്‍ പോലും നടക്കുന്നില്ല.   കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ കോടതിയില്‍ എത്തിയാല്‍ നിങ്ങളെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും നടപടി സ്വീകരിച്ചെന്ന് വരും'- ഹൈക്കോടതി താക്കീതിന്റെ സ്വരത്തില്‍ സിബിഎസ്ഇയോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com