കാനത്തെ പുറത്താക്കണമെന്ന് പോസ്റ്റര്‍: മൂന്നുപേരെ സിപിഐ പുറത്താക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2020 07:11 PM  |  

Last Updated: 28th February 2020 07:11 PM  |   A+A-   |  


ആലപ്പുഴ:  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാല്‍ജി, എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ്് ജോമോന്‍, സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും  പുറത്താക്കിയത്.
 
പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  2019 ജൂലൈ 26 നായിരുന്നു സംഭവം. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ ഓഫീസിലും ആലപ്പുഴ നഗരത്തിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചത്. കിസാന്‍ സഭാ നേതാവ് ഉള്‍പ്പെടെ മൂന്നു പേരെ ഈ കേസില്‍ നേരത്തേ പുറത്താക്കിയിരുന്നു.

എറണാകുളത്തെ വിവാദമായ സിപിഐ മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എയെ അടക്കം പൊലീസ് മര്‍ദ്ദിച്ചതിനെ കാനം രാജേന്ദ്രന്‍ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററിന് എതിരെ സിപിഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു.