കോട്ടയത്ത് കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th February 2020 03:26 PM  |  

Last Updated: 28th February 2020 03:28 PM  |   A+A-   |  


കോട്ടയം:  കോട്ടയം പുന്നത്ര കമ്പനിക്കടവില്‍ കിണര്‍ ഇടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു. പുന്നത്ര സ്വദേശികളായ ജോയ്, സാജു എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

കിണറില്‍ റിങ് താഴ്ത്തുന്നതിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെക്കും രണ്ടുപേരും മണ്ണിനടിയില്‍പ്പെട്ടിരുന്നു. ഒരാളെ നാട്ടുകാര്‍ ജീവനോടെ പുറത്തെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. രണ്ടാമത്തെയാളെ പതിനഞ്ച് മിനിറ്റിന് ശേഷമാണ് പുറത്തെടുക്കാനായത്. അപ്പോഴെക്കും മരിച്ചിരുന്നു. 

മണ്ണിട്ട് നികത്തിയ പ്രദേശമായതുകൊണ്ട് മണ്ണിന് കാര്യമായ ഉറപ്പില്ലാത്തതാണ് ഇടിയാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.