ദേവനന്ദയ്ക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്; വാഹന പരിശോധന കര്‍ശനമാക്കി, ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു 

ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും ശക്തമായ തിരച്ചിൽ നടത്തുകയാണ്
ദേവനന്ദയ്ക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്; വാഹന പരിശോധന കര്‍ശനമാക്കി, ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു 

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ ആറുവയസ്സുകാരി ദേവനന്ദയ്ക്കായി വ്യാപക തിരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ കാണാതായ കുട്ടിക്കായി ചാത്തന്നൂര്‍ എസിപിയുടെ നേത്യത്വത്തില്‍ പ്രത്യേക സംഘം  അന്വേഷണം ആരംഭിച്ചു. സൈബര്‍ വിദഗ്ധരടക്കം 50 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. 

ജില്ലാ, സംസ്ഥാന അതിര്‍ത്തികളില്‍ തിരച്ചില്‍ കര്‍ശനമാക്കിയ പൊലീസ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും ശക്തമായ തിരച്ചിൽ നടത്തുകയാണ്. വാഹന പരിശോധനയും കര്‍ശനമാക്കി. ഇതര സംസ്ഥാന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0478 2566366, 9497947265 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 

ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. എന്നാൽ കുട്ടിയെ കണ്ടെത്താനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഡിജിപിയോടും ജില്ലാ കളക്ടറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് വീടിന്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നനിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കണ്ടില്ല. ഇതോടെയാണ് ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിച്ചത്.

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിന്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി. ഇതിനിടെ, പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങി. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com