പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിന് പിന്നിൽ 22കാരി!

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2020 10:10 AM  |  

Last Updated: 28th February 2020 10:10 AM  |   A+A-   |  

cottation

 

കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ നഗര മധ്യത്തിൽ പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിനു പിന്നിൽ 22 വയസുകാരിയായ യുവതിയാണെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷൻ വിവരമറിഞ്ഞു സംഘത്തെ പൊലീസ് വളഞ്ഞതോടെ കാറിൽ നിന്നു രക്ഷപ്പെട്ടവരിൽ യുവതിയുമുണ്ടായിരുന്നു. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂർ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തിൽ നൽകിയ തുകയിൽ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്നമുണ്ടായിരുന്നു. ഇതേ തുടർന്നു വാങ്ങാൻ ചെന്നതാണെന്നും വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നുമാണു സംഘം മൊഴി നൽകിയിരിക്കുന്നത്.

അതേസമയം 30000 രൂപയ്ക്കു വേണ്ടി മാത്രമായി ക്വട്ടേഷൻ സംഘം പട്ടാപകൽ നഗര മധ്യത്തിൽ ആക്രമണത്തിന് ഇറങ്ങിയെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണു പൊലീസ് തീരുമാനം.

എന്നാൽ കേസിൽ പരാതി നൽകാൻ ആക്രമിക്കപ്പെട്ട വ്യാപാരി തയാറായിട്ടില്ല. ഇതുകൊണ്ടു തന്നെ യുവതിയെ കേസിൽ പ്രതി ചേർക്കാൻ പൊലീസിനു പ്രായോഗിക തടസമുണ്ട്. നിലവിൽ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.