പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന താഹയുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി
പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന താഹയുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി.  കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

പ്രതിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും എൻഐഎ വാദിച്ചു. പ്രതികളെ ചോദ്യം ചെയ്തത് വഴി നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ താഹയ്ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്.

പ്രതികളില്‍ നിന്ന് പിടികൂടിയ പുസ്തകങ്ങള്‍, ലഘു ലേഖകള്‍, മുദ്രാവാക്യം വിളിക്കുന്ന സിഡികള്‍ ഉള്‍പ്പെടെ വെള്ളിയാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവയെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി താഹയുടെ ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ ചുമത്താന്‍ പര്യാപ്തമായ ഒരു തെളിവുകളും ഈ കേസിലില്ലെന്നും പൊലീസ് കുടുക്കുകയായിരുന്നുവെന്നും താഹയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അലനേയും താഹയേയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ നീക്കം. കേസിലെ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി ഉസ്മാനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്.

2019 നവംബര്‍ രണ്ടിനാണ് താഹയെയും അലനെയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് . കേസ് പിന്നീട് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com