പ്രാര്‍ഥനകള്‍ മുറുകും മുമ്പേ ആ കുഞ്ഞുജീവന്‍ യാത്രയായിരുന്നു; ദേവനന്ദയുടെ മരണം ഉച്ചയ്ക്കു മുമ്പെന്ന് ഡോക്ടര്‍മാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2020 04:20 PM  |  

Last Updated: 28th February 2020 04:20 PM  |   A+A-   |  

 

കൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മരണം ഉച്ചയ്ക്കു മുമ്പു തന്നെ സംഭവിച്ചെന്ന് ഡോക്ടര്‍മാരുടെ നിഗമനം. കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം.

ഇന്നലെ രാവിലെ പത്തു മണിയോടെയാണ് ദേവനന്ദയെ കാണാതായത്. ഉച്ചയ്ക്കു മുമ്പു മരണം സംഭവിച്ചെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടി മുങ്ങിമരിച്ചതാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതായാണ് സൂചന. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ കൂടി ഫലം ലഭിച്ചശേഷമാകും അന്തിമ റിപ്പോര്‍ട്ട് പൊലീസിന് നല്‍കുക.

ചെളിയും വെള്ളവും ശ്വാസകോശത്തിലും വയറ്റിലും കണ്ടെത്തി. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത കണ്ടെത്താവുന്ന ഒന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ലെന്നാണ് പൊലീസിനെ വാക്കാല്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു.

ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ല. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.