മുറിവോ ചതവുകളോ ഇല്ല ;  മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്
മുറിവോ ചതവുകളോ ഇല്ല ;  മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കൊല്ലം : കൊല്ലം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെടുത്ത ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല. ശരീരത്തില്‍ ബാഹ്യമായ പരിക്കുകള്‍ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. മൃതദേഹത്തില്‍ വസ്ത്രങ്ങളെല്ലാം ഉണ്ടായിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരണത്തില്‍ അസ്വാഭാവികത ഉണ്ടോ ഇല്ലയോ എന്നതില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും ഫൊറന്‍സിക് വിദഗ്ധര്‍ സൂചിപ്പിച്ചു. 

രാവിലെ ഏഴേമുക്കാലോടെയാണ് ഇത്തിരക്കരയാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ഭാഗത്തുനിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കോസ്റ്റല്‍ പൊലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ച മൃതദേഹം ദേവനന്ദയുടേതാണെന്ന്  കുട്ടിയുടെ അമ്മയുടെ സഹോദരി സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

ഇതിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുേേപായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തും. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും, അന്വേഷണത്തിലും ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുട്ടിയുടെ മരണത്തില്‍ എല്ലാ ശാസ്ത്രീയ പരിശോധനയും നടത്തുമെന്ന് പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ അറിയിച്ചു. മരമത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. ഇക്കാര്യമെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രാരംഭ ഘട്ടമായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിസിപി അനില്‍കുമാര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com