2008ന് ശേഷം വാങ്ങിയ വയലുകളിൽ വീട് വയ്ക്കാനാവില്ല; കാരണമിത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th February 2020 07:23 AM  |  

Last Updated: 29th February 2020 07:23 AM  |   A+A-   |  

vayal

 

തിരുവനന്തപുരം: 2008 ഓഗസ്റ്റ് 12 നു ശേഷം നിലം (നെൽ വയൽ) വാങ്ങിയവർക്കു ഭവന നിർമാണത്തിനായി അതു പരിവർ‍ത്തനം ചെയ്യാൻ അനുമതി നൽകില്ലെന്ന് റവന്യൂ വകുപ്പ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തിൽ വന്നത് 2008 ഓ​ഗസ്റ്റ് 12നാണ്. ഇതിന് ശേഷം നിലം വാങ്ങിയവർക്ക് അനുമതി ലഭിക്കില്ല.

ഇതു സംബന്ധിച്ച 2017 ജൂൺ ആറിലെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ലാൻഡ് റവന്യൂ കമ്മ‌ീഷണർ, കലക്ടർമാർ, റവന്യൂ ഡിവിഷനൽ ഓഫീസർമാർ തുടങ്ങിയവർക്കുള്ള നിർദേശം റവന്യൂ വകുപ്പ് പുറത്തിറക്കി.

കൃഷിക്കാരനു സ്വന്തം കൃഷി ഭൂമിയിൽ താമസിക്കാൻ അവസരം നൽകുന്നതിനാണു നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വന്ന ശേഷം നെൽവയൽ വാങ്ങുന്നവർക്ക് ഇതിനായി അനുമതി നൽകുന്നതു വലിയ തോതിൽ ദുരുപയോഗത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, 2018 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമവും ചട്ടങ്ങളും പ്രകാരം ഡേറ്റ ബാങ്കിലെ ഉള്ളടക്കം തിരുത്താൻ ലഭിക്കുന്ന അപേക്ഷ നെൽവയൽ സംബന്ധിച്ചാണെങ്കിൽ കൃഷി ഓഫീസറുടെയും തണ്ണീർത്തടം സംബന്ധിച്ചാണെങ്കിൽ വില്ലേജ് ഓഫീസറുടെയും റിപ്പോർട്ട് റവന്യൂ ഡിവിഷനൽ ഓഫീസർ (ആർഡിഒ) വാങ്ങണമെന്നു റവന്യൂ വകുപ്പ് വ്യക്തത വരുത്തി. സ്ഥലം പരിശോധിച്ച് ആർഡിഒയ്ക്ക് ഉചിത തീരുമാനമെടുക്കാം.