അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടി, അമ്പലത്തില്‍ പോയത് വേറെ വഴിക്ക് ; മുത്തച്ഛന്റെ സംശയങ്ങള്‍ 

ദേവനന്ദ ഒരിക്കല്‍പോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള
അയല്‍വീട്ടില്‍ പോലും പോകാത്ത കുട്ടി, അമ്പലത്തില്‍ പോയത് വേറെ വഴിക്ക് ; മുത്തച്ഛന്റെ സംശയങ്ങള്‍ 

കൊല്ലം : കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച ദേവനന്ദയുടെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് കുട്ടിയുടെ മുത്തച്ഛന്‍. വീട്ടില്‍ നിന്നും പുറത്തുപോകാത്ത കുട്ടിയാണ് ദേവനന്ദ. അയല്‍വക്കത്തെ വീട്ടില്‍ പോലും പോകാറില്ല. അടുത്ത വീട്ടിലെ കുട്ടി വിളിച്ചാലും വീട് വിട്ടു പോകാറില്ല. ആറുവര്‍ഷത്തെ പ്രായത്തിനിടെ ദേവനന്ദ ഒരിക്കല്‍പോലും ആറ്റിന്റെ തീരത്തേക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ മോഹനന്‍പിള്ള പറയുന്നു. 

കുട്ടിയുടെ വീട്ടില്‍ നിന്നും പുഴയുടെ വശത്തുകൂടെ താല്‍ക്കാലിക പാലം കഴിഞ്ഞ് അപ്പുറത്തേക്കാണ് പൊലീസ് നായ മണം പിടിച്ച് പോയത്. ഒരുകാരണവശാലും ഈ വഴിയിലൂടെ കുട്ടി സഞ്ചരിക്കില്ലെന്ന് മുത്തച്ഛന്‍ തറപ്പിച്ച് പറയുന്നു. മറ്റൊന്ന് കുട്ടിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ഒരു ഷാള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അമ്മയുടെ ഷാള്‍ കാണാതായ സമയത്തൊന്നും കുട്ടി കൈവശം വെച്ചിരുന്നില്ലെന്ന് മോഹനന്‍പിള്ള പറഞ്ഞു.

ഷാള്‍ കിടന്ന സ്ഥലവും കുട്ടിയുടെ മൃതദേഹം കിടന്ന സ്ഥലവും തമ്മില്‍ ദൂരമുണ്ട്. കുട്ടി കാല്‍വഴുതി പുഴയില്‍ വീണതാണെങ്കിലും ഇത്ര ദൂരം ഒഴുകിപ്പോകില്ല. പുഴയുടെ ആഴത്തെപ്പറ്റിയും ഒഴുക്കിനെപ്പറ്റിയും തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. മൃതദേഹം ഇത്രയും അകലത്തില്‍ പോയതില്‍ സംശയമുണ്ടെന്ന് മോഹനന്‍പിള്ള പറയുന്നു. 

കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ്. കുട്ടിയെ കാണാതായ ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെ ചെല്ലില്ല. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ അമ്പലത്തില്‍ പോയിട്ടില്ല. അമ്പലത്തില്‍ പോയതുതന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള വഴിയിലൂടെയല്ല, വേറെ വഴിയിലൂടെയാണ് പോയത്. അപ്പോള്‍ താന്‍ അടക്കമുള്ള കുടുംബം ഉണ്ടായിരുന്നു.കുളിക്കാന്‍ പോലും കുട്ടിയെ ആറ്റിന്റെ അടുത്ത് കൊണ്ടുപോയിട്ടില്ല. റോഡില്‍പോലും പോകാത്ത കുട്ടി ഇത്രയും ദൂരം പോകില്ലെന്നും മുത്തച്ഛന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com