ഡല്‍ഹി കലാപത്തിന് പിന്നില്‍ മാറാട് കൂട്ടക്കൊലയില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെന്ന് കെ സുരേന്ദ്രന്‍

മതഭീകരവാദ ശക്തികളോടൊപ്പമാണ് കോണ്‍ഗ്രസും ലീഗും സിപിഎമ്മും നിലയുറപ്പിച്ചിരിക്കുന്നത്
ഡല്‍ഹി കലാപത്തിന് പിന്നില്‍ മാറാട് കൂട്ടക്കൊലയില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് : മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഡല്‍ഹി പൊലീസിലും പ്രവര്‍ത്തിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പൗരത്വ നിയമഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസും ലീഗും സിപിഎമ്മും  കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുകയാണ്. മതം നോക്കിയാണ് കേരള പൊലീസ് നിലപാട് സ്വീകരിക്കുന്നത്. മതമാണ് കേരള പൊലീസിന്റെ അടിസ്ഥാനം. പൊലീസില്‍ ഭീകരവാദികളുടെ സ്ലീപ്പിങ് സെല്ലുകളുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ കേരള പൊലീസില്‍ പിടിമുറുക്കിയിട്ടുണ്ട്. ആയിരം തോക്കുകള്‍ കേരളത്തിലേക്ക് വന്നുവെന്ന കാര്യം അന്വേഷിക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷിച്ചു ചെന്നാല്‍ തങ്ങള്‍ക്ക് സൗഹൃദമുള്ള കക്ഷികള്‍ വലയിലാകും എന്നതിനാലാണ് പിണറായി വിജയന്‍ ഇക്കാര്യം അന്വേഷിക്കാന്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാറാട് കലാപത്തിൽ മരിച്ചവർക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്.  

മാറാട് കൂട്ടക്കൊല ആസൂത്രണം ചെയ്ത നിഗൂഢശക്തികള്‍, അതിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍, സാമ്പത്തിക സഹായം ചെയ്തവര്‍, കൊലയാളികള്‍ക്ക് ഇപ്പോഴും നിയമസഹായം അടക്കം ചെയ്യുന്നവര്‍ ഇവരെ സംബന്ധിച്ചെല്ലാം ബിജെപിക്ക് ശരിയായ കാഴ്ചപ്പാടുണ്ട്. കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ ഏകപക്ഷീയമായ കൂട്ടക്കൊലയാണ് മാറാട് നടന്നത്. ഒരു വലിയ ജനവിഭാഗത്തെ നൊടിയിടക്കുള്ളില്‍ കൊലപ്പെടുത്താന്‍ ആസൂത്രിതമായി പരിശീലനം സിദ്ധിച്ച മതഭീകരവാദ ശക്തികള്‍ മറ്റെവിടെയോ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. 

ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി ദേശീയസമൂഹത്തിനെതിരെ ഒരുപ്ലാറ്റ്‌ഫോമില്‍ രംഗത്തുവന്ന സംഭവമാണ് മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് കണ്ടത്. സാധാരണ നിലയില്‍ രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവും പ്രതിപക്ഷവും എല്ലാം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരകള്‍ക്കൊപ്പമാണ് നിലകൊള്ളാറുള്ളത്. നിര്‍ബാഗ്യവശാല്‍ മുഖ്യധാര മുന്നണികളും പാര്‍ട്ടികളും വേട്ടക്കാര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ കെപിസിസി പ്രസിഡന്റ് കെ മുരളീധരനും ഒരു വേദിയില്‍ അണിനിരന്ന് മാറാടിലെ ആട്ടിയോടിക്കപ്പെട്ടവര്‍ക്കെതിരെ ഐക്യപ്പെട്ടത് നാം കണ്ടതാണ്. മതേതരപാര്‍ട്ടികളെന്നു പറയുന്നവരെല്ലാം കൊലയാളികള്‍ക്കൊപ്പമാണ് നിന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും സിപിഎമ്മിലും പെട്ടവരാണ് ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്നത്. സിപിഎമ്മിന്റെയും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികളായത്. ഇവരൊക്കെ എങ്ങനെയാണ് കലാപ കേസില്‍ പ്രതികളായതെന്ന് അറിയില്ല. അതിന് ശേഷം ഇങ്ങോട്ട് ഭീകരവാദികളെ സഹായിക്കുന്ന സമീപനമാണ് സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം സ്വീകരിക്കുന്നത്. ഇപ്പോള്‍ പൗരത്വ നിയമത്തിന്റെ കാര്യത്തിലായാലും സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് എടുത്തിട്ടുള്ളത്. 

മതഭീകരവാദ ശക്തികളോടൊപ്പമാണ് കോണ്‍ഗ്രസും ലീഗും സിപിഎമ്മും നിലയുറപ്പിച്ചിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ഐഎസ്‌ഐഎസ് നേതൃത്വം നല്‍കുന്ന ശക്തികളെയും സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും ലീഗും സ്വീകരിച്ചിട്ടുള്ളത്. പൗരത്വ നിയമത്തിന്റെ മറവില്‍ കേരളത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണവും വംശീയ പ്രചരണവും വര്‍ഗീയ പ്രചരണവും ഈ മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് ആസൂത്രിതമായി നടപ്പാക്കുന്നത്. വോട്ടുബാങ്ക് ഇല്ലാത്തതിന്റെ പേരില്‍ ഒരു വിഭാഗത്തെ നേരിട്ട് വെല്ലുവിളിക്കുകയാണ്. രാജ്യത്ത് നടക്കുന്ന ഏത് സംഭവും കേരളത്തിലെത്തുമ്പോള്‍ ഒരു വിഭാഗത്തിനെതിരായ പ്രചാരവേലയായി മാറുന്നു. 

ഡല്‍ഹിയിലെ കലാപം പോലും പൂര്‍ണമായും മറുവശമാണ് പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ പ്രചരിപ്പിക്കുന്നില്ല. ഡല്‍ഹിയില്‍ നടന്ന കലാപത്തിന് പിന്നിലും മാറാട് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള അന്താരാഷ്ട്ര ഭീകരബന്ധമുള്ള ശക്തികള്‍ തന്നെയാണ് കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരുടെ ആസൂത്രണവും ഗൂഢാലോചനയും ആയുധങ്ങളും മിഷണറിയുമെല്ലാമാണ് ഡല്‍ഹി കലാപത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ കലാപം നടത്തിയത് സര്‍ക്കാരാണെന്നാണ് കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. മാറാട് കലാപത്തില്‍ വിദേശ, ഭീകര ബന്ധമുണ്ടെന്ന് അന്വേഷണകമ്മീഷന്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ രാഷ്ട്രീയബന്ധമാണ് അന്വേഷണം അട്ടിമറിക്കാന്‍ ഇടയാക്കിയതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com