ചന്ദ്രന് ആഹ്ലാദത്തിന്റെ 'ലൈഫ്' , പങ്കുചേര്‍ന്ന് മുഖ്യമന്ത്രി, അനിര്‍വചനീയം

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th February 2020 11:29 AM  |  

Last Updated: 29th February 2020 11:29 AM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണപാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ പ്രകാരം തിരുവനന്തപുരം കരകുളം സ്വദേശി ചന്ദ്രന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി  പിണറായി വിജയനെത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, മുന്‍മന്ത്രി സി ദിവാകരന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് രാവിലെ എട്ടരയോടെ മുഖ്യമന്ത്രി ചന്ദ്രന്റെയും കുടുബത്തിന്റെയും സന്തോഷത്തില്‍ പങ്കുചേരാനെത്തിയത്. പാലുകാച്ച് ചടങ്ങില്‍ പങ്കെടുത്തശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. 

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ആറു സെന്റില്‍ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്. കുടുംബാംഗങ്ങളുടെ സന്തോഷത്തിന് ഒപ്പം ബന്ധുക്കളും  നാട്ടുകാരും എല്ലാം പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 

ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 29ന്) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വ്വഹിക്കും. 2,14,000 ത്തിലേറെ വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. ചന്ദ്രന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തതിന്റെ വിശേഷം മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജിലും കുറിച്ചു.

ചന്ദ്രന്റെയും കുടുംബത്തിന്റെയും സന്തോഷം അനിര്‍വചനീയമാണ്. ആ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തവരിലേക്കും വിദ്യുത് തരംഗം പോലെ പകര്‍ന്ന ആഹ്‌ളാദം. ലൈഫ് പദ്ധതിയിലെ രണ്ട് ലക്ഷം വീടുകളിലും ഇതു പോലുള്ള ആഹ്‌ളാദാനുഭവം ഉണ്ടാകുന്നു എന്നതാണ് സര്‍ക്കാരിന്റെ ചാരിതാര്‍ത്ഥ്യം. പിന്നീട് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.