പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th February 2020 06:52 AM  |  

Last Updated: 29th February 2020 06:52 AM  |   A+A-   |  

 

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻപൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെവിജിലൻസ്  ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് ഇബ്രാഹിം കുഞ്ഞിന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ഒരാഴ്ച മുൻപ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യുണിറ്റിൽ വച്ച് അന്വേഷണസംഘം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഇബ്രാഹിം കുഞ്ഞ് നൽകിയ  പല വിശദീകരണങ്ങളും തൃപ്തികരമാകാത്ത സാഹചര്യത്തിലാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 

കരാർ കമ്പനിക്ക് മുൻകൂർ പണം നൽകാൻ ഇബ്രാഹിംകു‌ഞ്ഞ് വഴിവിട്ട് സഹായിച്ചുവെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ  ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം കൃത്യമല്ലെങ്കിൽ അദ്ദേഹത്തെ പ്രതിചേർക്കുന്ന കാര്യം വിജിലൻസ് ആലോചിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെതിരെ  മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെയും കരാറുകാരുടേയും മൊഴി അന്വേഷണസംഘത്തിന് മുന്നിലുണ്ട്. അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അറസ്റ്റിനും സാധ്യതയുണ്ട്. 

കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയ്ക്ക് ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിന് എതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ കിട്ടിയത്  മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലന്‍സ് നിഗമനം. മന്ത്രിയും ഉദ്യോഗസ്ഥരും ഒറ്റദിവസം കൊണ്ട് ഫയലില്‍ ഒപ്പിട്ടാണ് കരാര്‍ കമ്പനിക്ക് പണം അനുവദിച്ചതെന്നതിന്റെ രേഖയും പുറത്തുവന്നിരുന്നു,നേരത്തെ വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുന്‍ എം.ഡി സുമിത് ഗോയല്‍,നിര്‍മാണ കമ്പനിയായ ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ പി.ഡി.തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.