പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍; കര്‍ശന നടപടികളുമായി സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2020 06:30 AM |
Last Updated: 01st January 2020 06:30 AM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഇന്നുമുതല്‍ പ്രാബല്യത്തില്‍. വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണു സര്‍ക്കാര്‍. അതേസമയം, നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നവംബറില്‍ ഇറക്കിയ ഉത്തരവില്‍ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ 17നു സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനോ വ്യാപാരികളുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചെയ്യേണ്ട പരിശോധന ഉള്‍പ്പെടെ നടപടികളെക്കുറിച്ച് വകുപ്പുകള്‍ക്കു പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടില്ല.
പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫെല്‍ക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.
അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് തുടങ്ങിയവയ്ക്കുളള നിരോധനമാണ് നീക്കിയത്.
പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍,കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.