മൃതദേഹം വെച്ച് തര്‍ക്കം വേണ്ട ; സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ; ഓര്‍ഡിനന്‍സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 10:22 AM  |  

Last Updated: 01st January 2020 10:22 AM  |   A+A-   |  

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍. തര്‍ക്കങ്ങളെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകാത്ത പശ്ചാത്തലത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതിലെ തര്‍ക്കം തീര്‍ക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അനുമതി നല്‍കി.

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനമെടുത്തത്. കുടുംബകല്ലറയുള്ള പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കാമെന്നാണ് ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥ. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത്.

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കത്തെത്തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പലയിടങ്ങളിലും പൊലീസ്, കോടതി ഇടപെടലുകളും മൃതദേഹം സംസ്‌കരിക്കുന്നതിന് വേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.