സുരക്ഷാ വീഴ്ചയില്ല; അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം സംഘാടകരുടെ പിഴവാകാം: ചരിത്ര കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പൊലീസ് റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2020 09:30 PM |
Last Updated: 01st January 2020 09:30 PM | A+A A- |

തിരുവനന്തപുരം: കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസ് പരിപാടിയില്‍ ഗവര്‍ണര്‍ക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഇന്റലിജന്‍സ് മേധാവിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. വേദിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത് സംഘാടകരുടെ പിഴവുകൊണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാസംഗികരെ തീരുമാനിച്ചത് സംഘാടകരാണ്. പൊലീസ് സുരക്ഷ ഒരുക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഗവര്‍ണര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും പ്രതിഷേധമുണ്ടാകുമെന്ന് അറിഞ്ഞിട്ടും കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തിയും ഗവര്‍ണര്‍ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.
പൗരത്വഭേദഗതി വിഷയത്തില്‍ രാജ്ഭവനില്‍ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിനു തയ്യാറായില്ലെന്നും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നു.