102 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതി മറ്റൊരു തട്ടിപ്പ്; ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: തോമസ് ഐസക്

പുതുവര്‍ഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്.
102 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതി മറ്റൊരു തട്ടിപ്പ്; ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: തോമസ് ഐസക്

തിരുവനന്തപുരം: പുതുവര്‍ഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്പദ്ഘടനയില്‍ ഇതൊരു ചലനവും സൃഷ്ടിക്കാന്‍ പോകുന്നില്ല. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്പോള്‍ സാമ്പത്തികവളര്‍ച്ചയുടെ വേഗം കൂടുകയും ഇന്ത്യ 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ്ഘടന എന്ന ലക്ഷ്യത്തില്‍ രാജ്യം എത്തിച്ചേരുമെന്നാണ് മനഃപ്പായസമുണ്ണുന്നത്. പക്ഷേ, ഈ നിക്ഷേപം ഇന്ത്യയെ ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറ്റും എന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട.- അദ്ദേഹം ഫെയ്‌സബുക്ക് പോസ്റ്റില്‍ പറഞ്ഞു.

102 ലക്ഷം കോടി രൂപ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ നിക്ഷേപകരും കൂടി നടത്തേണ്ടതാണ്. ഇതില്‍ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് മുതല്‍മുടക്കുന്നത്. 22 ശതമാനം സ്വകാര്യ നിക്ഷേപകരും. അതായത് കേന്ദ്രസര്‍ക്കാര്‍ മുടക്കേണ്ടത് 5 വര്‍ഷം കൊണ്ട് 40 ലക്ഷം കോടി രൂപ.

ഇപ്പോള്‍ത്തന്നെ 8 ലക്ഷം കോടി രൂപ വീതം കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം പശ്ചാത്തല സൗകര്യ നിര്‍മ്മാണത്തില്‍ മുതല്‍മുടക്കുന്നുണ്ട്. ഈ തോത് അടുത്ത വര്‍ഷങ്ങളില്‍ നിലനിര്‍ത്തുമെന്നു മാത്രം. അതിനപ്പുറമൊന്നും ഈ പാക്കേജില്‍ കേന്ദ്രവിഹിതമില്ല. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കമ്മി ഉയര്‍ത്തി നിക്ഷേപത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗണ്യമായ വര്‍ദ്ധന നടത്തണം എന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയരുന്നുണ്ട്. അതിനൊരു പരിപാടിയൊന്നും കേന്ദ്രധനമന്ത്രിയുടെ കൈവശമില്ല. പതിവുപോലെ കാര്യങ്ങള്‍ തുടരും. അത്രമാത്രം.- അദ്ദേഹം കുറിച്ചു.

പണി സംസ്ഥാനങ്ങള്‍ക്കാണ്. ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങളോട് തുല്യവിഹിതം വഹിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതെങ്ങനെ സാധ്യമാകും? ഒരുവശത്ത് കേന്ദ്രസര്‍ക്കാര്‍ തന്നെ സംസ്ഥാനങ്ങള്‍ക്കുള്ള സഹായം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് മാന്ദ്യം മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുന്നു. അപ്പോഴെങ്ങനെ സംസ്ഥാനങ്ങള്‍ ഈ പദ്ധതിയുടെ 39 ശതമാനം വഹിക്കും? ഈ പറയുന്ന നിക്ഷേപം സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പോകുന്നില്ലെന്നതാണ് വസ്തുത.

സ്വകാര്യ നിക്ഷേപകരുടെ കാര്യം അധികം പറയാതിരിക്കുകയാണ് നല്ലത്. ബാങ്കുകളില്‍നിന്നുള്ള വായ്പയുടെ വര്‍ദ്ധന അമ്പതു വര്‍ഷത്തില്‍ ഏറ്റവും താഴെയാണ്. എന്നുവെച്ചാല്‍ മാന്ദ്യം മൂലം മുതല്‍മുടക്കാന്‍ സ്വകാര്യ നിക്ഷേപകര്‍ തയ്യാറല്ല. എന്നു മാത്രമല്ല, ഇന്നത്തെ മറ്റൊരു വാര്‍ത്ത നവംബര്‍ മാസത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളുടെ ഉല്‍പാദന ഇടിവിനെക്കുറിച്ചാണ്. തുടര്‍ച്ചയായി നാലാം മാസമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളില്‍ ഉല്‍പാദന ഇടിവുണ്ടാകുന്നത്. നവംബര്‍ മാസത്തില്‍ 1.5 ശതമാനമാണ് ഉല്‍പാദനം കുറഞ്ഞത്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്. പക്ഷേ, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ നിക്ഷേപത്തെക്കുറിച്ച് പ്രസംഗിച്ചുപോയല്ലോ. അതിനെന്തെങ്കിലുമൊരു മുഖംമിനുക്കല്‍ പരിപാടി ഉണ്ടാക്കിയേ തീരൂ. അതിനുവേണ്ടി തട്ടിക്കൂട്ടിയ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേന്ദ്രധനമന്ത്രിയുടെ പുതുവര്‍ഷസമ്മാനപ്രഖ്യാപനം ഒരു പ്രതികരണവും സമ്പദ്ഘടനയില്‍ സൃഷ്ടിക്കാന്‍ പോകുന്നില്ല.

ഇന്നത്തെ ബിസിനസ് സ്റ്റാന്‍ഡേഡില്‍ ഒന്നാം പേജ് അതിനു തെളിവാണ്. 50 കോര്‍പറേറ്റ് കമ്പനികളുടെ തലവന്മാരെ സര്‍വെ നടത്തി അവര്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. പ്രതികരിച്ചവരില്‍ 52 ശതമാനം പേരും 2020ല്‍ മാന്ദ്യം കൂടുതല്‍ രൂക്ഷമാകും എന്നാണ് അഭിപ്രായപ്പെടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണ്.- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com