12,000 ശുചിമുറികള്‍, പഠിപ്പിനൊപ്പം പാര്‍ട്ട് ടൈം ജോലി; ഒരുവര്‍ഷത്തിനകം പണിതീര്‍ത്ത റോഡുകള്‍; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 12:57 PM  |  

Last Updated: 01st January 2020 12:57 PM  |   A+A-   |  

pinarayi


 

തിരുവനന്തപുരം:  സംസ്ഥാനത്തെ റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവപ്പെട്ടവര്‍ക്കും ഈ വര്‍ഷം റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക കാരണങ്ങള്‍ ഇതിന് തടസമാകരുതെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം പുതുവര്‍ഷത്തിലെ പ്രഖ്യാപനങ്ങള്‍ വിശദികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം എല്‍ഇഡി ബള്‍ബുകളാക്കും. ഇതോടെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ റോഡുകളും ഈ വര്‍ഷം ഡിസംബറോടെ പണി പൂര്‍ത്തികരിക്കും. സംസ്ഥാനത്തെ പൊതുഇടങ്ങളെല്ലാം സ്ത്രീ സൗഹൃദമാക്കും. ഒരു സ്ത്രീയും ഒരുകുഞ്ഞും ഒരു നഗരത്തില്‍ എത്തിയാല്‍ താമസിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അവര്‍ക്ക് സുരക്ഷിതമായ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ നഗരപ്രദേശങ്ങളിലും ഉണ്ടാക്കും. ഇതില്‍ നനഗരസഭകള്‍ നല്ല തോതില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ പൊതുശുചിമുറികള്‍ സ്ഥാപിക്കുന്ന വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി 12000 ശുചിമുറികള്‍ സ്ഥാപിക്കും. 3000 ആളുകള്‍ക്ക് ഒരു ശുചിമുറി എന്ന നിലയിലാണ് ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുക. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. പെട്രോള്‍ പമ്പില്‍ നിലവിലുള്ള ടോയ്‌ലെറ്റുകള്‍ പെട്രോള്‍ അടിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. എല്ലായിടത്തും നിലവില്‍ ഒരു ടോയ്‌ലെറ്റ് മാത്രമാണുള്ളത്. ഇവിടങ്ങളില്‍ രണ്ട് ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കണം. നാട്ടുകാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ പമ്പ് ഉടമകളോട് ആവശ്യപ്പെടുമെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നല്ലതോതില്‍ പച്ചപ്പ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 37 കോടി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും. ദീര്‍ഘദൂരയാത്രക്കാര്‍ക്കായി വഴിയോരവിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പിണറായി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിനൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇത്തരത്തിലുള്ള സംസ്‌കാരം രൂപപ്പെടുത്താന്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും. നന്മയുടെ കാര്യത്തില്‍ നാം പുറകിലല്ല എന്നതാണ് കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ പ്രമേയം വ്യക്താക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം രാജ്യമാകെ നല്ലരീതിയില്‍ ശ്രദ്ധിച്ചതായും പിണറായി പറഞ്ഞു.