2020ന് സ്വാ​ഗതം; പുതുവര്‍ഷത്തെ വരവേറ്റ് ലോകം, ആഘോഷമാക്കി കേരളവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 06:56 AM  |  

Last Updated: 01st January 2020 06:56 AM  |   A+A-   |  

new_year_2020

 

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2020ന് സ്വാ​ഗതമരുളി ലോകം. 2020നെ ആ​ദ്യം വരവേറ്റ രാജ്യം ഓഷ്യാനയാണ്. പെസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബതി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. പിന്നാലെ ന്യൂസിലന്‍ഡും പുതുവര്‍ഷത്തെ വരവേറ്റു. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് പിന്നെ 2020ന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഏറ്റവും അവസാനം ന്യൂ ഇയര്‍ എത്തുന്നത് യുഎസിന്റെ അങ്ങേക്കരയിലുള്ള ദ്വീപുകളിലാണ്. ഇവിടുത്തെ ബേക്കര്‍ ഐലന്‍ഡിലാണ് ഏറ്റവും അവസാനം ന്യൂ ഇയർ എത്തുക. 

മണിക്കൂറുകള്‍ നീണ്ടുനിന്ന ആഘോഷങ്ങളോടെയാണ് കേരളവും 2020നെ വരവേറ്റത്. തിരുവന്തപുരത്തും കൊച്ചിയിലും കോഴിക്കോടും വമ്പിച്ച ന്യൂഇയർ പരിപാടികൾ അരങ്ങേറി. ഫോര്‍ട്ട് കൊച്ചിയിലെ ‌കാർണിവൽ ആഘോഷങ്ങൾക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. പോയവര്‍ഷത്തിന് ഗുഡ് ബൈ പറഞ്ഞ് പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായി പാപ്പാഞ്ഞിക്ക് തീകൊളുത്തി. 

തിരുവനന്തപുരത്ത് കോവളം ബീച്ചിലും പുതുവർഷത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്തും ആഘോഷ പരിപാടികള്‍ നടന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് പുതുവർഷാഘോഷങ്ങൾ നടന്നത്. 

രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു.രാജ്യത്തെമ്പാടും 2020ന്റെ ആഘോഷങ്ങൾ തുടരുകയാണ്.

പുത്തന്‍ പ്രതീക്ഷകളുമായി 2020ലേക്ക് കടന്ന കേരള ജനതയ്ക്ക് സമകാലിക മലയാളത്തിന്റെ പുതുവത്സരാശംസകള്‍...