ഇടുക്കിയില്‍ പുതുവത്സര ആഘോഷത്തിനിടെ പൊലീസിന് നേരെ പടക്കം എറിഞ്ഞു; രണ്ടു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2020 05:03 PM  |  

Last Updated: 01st January 2020 05:04 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ഇടുക്കി: പുതുവത്സര ആഘോഷത്തിനിടെ ഉടുമ്പന്‍ചോലയില്‍ പൊലീസിന് നേരെ പടക്കമെറിഞ്ഞ രണ്ടു പേര്‍ അറസ്റ്റില്‍. അനീഷ്, അജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.  വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒളിവിലുള്ള രണ്ട് പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

ഉടുമ്പന്‍ചോല ടൗണില്‍ പുതുവത്സര ആഘോഷത്തിനെത്തിയ ഏതാനും യുവാക്കളാണ് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സ്ഥലത്ത് അടിപിടിയും ബഹളവും ഉണ്ടെന്നറിഞ്ഞ് സ്ഥലത്ത് എത്തിയതാണ് പൊലീസ്. സംഘത്തെ പിരിച്ചുവിടാന്‍ നോക്കിയപ്പോള്‍ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസുകാരെ പിടിച്ചു തള്ളി. ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയപ്പോഴാണ് യുവാക്കള്‍ പടക്കമെറിഞ്ഞത്.

ഒഴിഞ്ഞുമാറിയതിനാലാണ് അപകടം ഒഴിവായത്. കൂടുതല്‍ പൊലീസെത്തി രണ്ട് പേരെ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേരും ഉടുമ്പന്‍ചോല സ്വദേശികളാണ്. പടക്കമെറിഞ്ഞ രണ്ട് പേരെ കൂടി കിട്ടാനുണ്ട്.കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.