കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായില്ല ; കവിയൂര്‍ കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി ; തുടരന്വേഷണത്തിന് ഉത്തരവ്

കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതനായര്‍, കുട്ടിയെ പെണ്‍വാണിഭത്തിന് ഇടയാക്കി എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്
കുട്ടിയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായില്ല ; കവിയൂര്‍ കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി ; തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം : കവിയൂര്‍ കൂട്ടമരണക്കേസില്‍ സിബിഐയുടെ നാലാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളി. കേസില്‍ തുടരന്വേഷണം നടത്തണമെന്നും തിരുവനന്തപുരം സിബിഐ കോടതി കേസ് അന്വേഷിക്കുന്ന സിബിഐക്ക് നിര്‍ദേശം നല്‍കി. കൂട്ടമരണം ആത്മഹത്യയാണെന്നാണ് സിബിഐ നാലാമത്തെ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്.

2004 സെപ്തംബര്‍ 28 നാണ് കവിയൂരില്‍ ക്ഷേത്രപൂജാരിയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. കുട്ടിയെ രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം കാഴ്ച വെച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നത്.

കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതനായര്‍, കുട്ടിയെ പെണ്‍വാണിഭത്തിന് ഇടയാക്കി എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ച സിബിഐ കുടുംബം ആത്മഹത്യ ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി ആദ്യ റിപ്പോര്‍ട്ട് നല്‍കി. കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ക്ക് പൂജാരിയും കുടംബവും താമസിക്കാന്‍ അഭയം നല്‍കിയിരുന്നു. ഇത് പുറത്തറിഞ്ഞതിലുള്ള മാനഹാനി മൂലമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു സിബിഐയുടെ നിഗമനം.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് അച്ഛന്‍ തന്നെയാണെന്നായിരുന്നു സിബിഐ ആദ്യ മൂന്ന് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളുകയായിരുന്നു. എന്നാല്‍ നാലാമത്തെ റിപ്പോര്‍ട്ടില്‍, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അച്ഛനല്ല അതിന് ഉത്തരവാദിയെന്നും സൂചിപ്പിക്കുന്നു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും, എന്നാല്‍ അത് ആരാണെന്ന് കണ്ടെത്താനായിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com