കൂടത്തായി കേസില്‍ 1800 പേജുള്ള കുറ്റപത്രം; ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍, 246 സാക്ഷികള്‍

റോയി വധ കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് പങ്കുണ്ടെന്നു കണ്ടെത്തിയിട്ടില്ല
കൂടത്തായി കേസില്‍ 1800 പേജുള്ള കുറ്റപത്രം; ജോളി ഉള്‍പ്പെടെ നാലു പ്രതികള്‍, 246 സാക്ഷികള്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ പൊലീസ് ആദ്യ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ജോളി ജോസഫിനെ ഒന്നാം പ്രതിയാക്കി 1800 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് കുറ്റപത്രം. ജോളി ജോസഫിനെ കൂടാതെ എംഎസ് മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരാണ് മറ്റു പ്രതികള്‍. റോയി വധ കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് പങ്കുണ്ടെന്നു കണ്ടെത്തിയിട്ടില്ല. 246 സാക്ഷികളാണ് കേസിലുള്ളത്. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ മാപ്പുസാക്ഷികളില്ലെന്ന് റൂറല്‍ എസ്പി കെജി സൈമണ്‍ മാധ്യമങ്ങളോടു പറഞ്ഞു. 

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവു നശിപ്പിക്കല്‍, വിഷവസ്തു കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കെജി സൈമണ്‍ പറഞ്ഞു. ഇതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജോളിയുടെ വീട്ടില്‍നിന്ന് സയനൈഡ് കണ്ടെടുത്തതായും എസ്പി അറിയിച്ചു. 

സ്വത്ത് കൈക്കലാക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി ലക്ഷ്യങ്ങള്‍ കൊലപാതകത്തിനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജോളി നടത്തിയ കൊലപാതകത്തിന് സഹായം നല്‍കുകയും കൂട്ടുനില്‍ക്കുകയുമാണ് മറ്റു പ്രതികള്‍ ചെയ്തത്. 
ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയത് ജ്വല്ലറി ജീവനക്കാരനും ബന്ധുവുമായ എം.എസ്.മാത്യുവാണ്. മാത്യുവിന് സയനൈഡ് കൈമാറിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച പ്രാദേശിക രാഷ്ട്രീയ നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് മറ്റു പ്രതികള്‍. 

2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. 

പ്രജികുമാര്‍ നല്‍കിയ സയനൈഡും ജോളിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതും സോ!ഡിയം സയനൈഡാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com