കെഎസ്ഇഎഫ്ഇയില്‍ 5.36 കോടിയുടെ തട്ടിപ്പ്; ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

വായ്പ ലഭിക്കുന്നതിനായി സമീപിക്കുന്നയാളില്‍ നിന്ന് ആധാരം വാങ്ങിയ ശേഷം ഉടമ അറിയാതെ വലിയ തുകയുടെ ചിട്ടിയില്‍ ചേരുന്നവരുടെ ഈടായി കെഎസ്എഫ്ഇയില്‍ നല്‍കും. ചിറ്റാളന്മാരുമായി ചേര്‍ന്നാണ് തട്ടിപ്പ്
കെഎസ്ഇഎഫ്ഇയില്‍ 5.36 കോടിയുടെ തട്ടിപ്പ്; ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ആലുവ: 5.36 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കെഎസ്എഫ്ഇ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. ചെറായി ബ്രാഞ്ചില്‍ കാഷ്യറായി പ്രവര്‍ത്തിച്ചിരുന്ന ആമിന മീതിന്‍കുഞ്ഞിനെയാണ് സസ്‌പെന്റ് ചെയ്തത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേര്‍ന്ന് ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്.

തൃശ്ശൂര്‍ കെഎസ്എഫ്ഇ ഹെഡ് ഓഫീസില്‍ നിന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ 31ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28ാം തീയതി വൈകീട്ടാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചില്‍ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

ആലുവ പറവൂര്‍ കവലയില്‍ സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കൊടകര സ്വദേശി മുരളിയും തട്ടിപ്പില്‍ പങ്കാളിയാണെന്ന് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണെന്നും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നാതായുമാണ് റിപ്പോര്‍ട്ടുകള്‍.

അത്യാവശ്യക്കാര്‍ക്ക് വായ്പ ശരിയാക്കി നല്‍കുന്ന സ്ഥാപനമാണ് മുരളി നടത്തിയിരുന്നത്. അതിനൊപ്പം കെഎസ്എഫ്ഇ ചിട്ടി ഏജന്‍സിയുമുണ്ട്. വായ്പ ലഭിക്കുന്നതിനായി സമീപിക്കുന്നയാളില്‍ നിന്ന് ആധാരം വാങ്ങിയ ശേഷം ഉടമ അറിയാതെ വലിയ തുകയുടെ ചിട്ടിയില്‍ ചേരുന്നവരുടെ ഈടായി കെഎസ്എഫ്ഇയില്‍ നല്‍കും. ചിറ്റാളന്മാരുമായി ചേര്‍ന്നാണ് തട്ടിപ്പ്. വേഗത്തില്‍ ചിട്ടി വിളിച്ചെടുത്ത ശേഷം പണം തിരിച്ചടയ്ക്കാതിരിക്കും. തുടര്‍ന്ന് കെഎസ്എഫ്ഇയില്‍നിന്ന് റവന്യു റിക്കവറി നോട്ടീസ് ലഭിക്കുമ്പോഴേ ആധാരത്തിന്റെ ഉടമ തട്ടിപ്പ് അറിയുകയുള്ളൂ.

ആലുവ സീനത്ത് കവല, എടയപ്പുറം, ആലങ്ങാട് എന്നിവിടങ്ങളിലെ മൂന്നുപേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കെഎസ്എഫ്ഇ നടത്തിയ അന്വേഷണത്തിലാണ് 5.36 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതില്‍ 3.40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് റവന്യു റിക്കവറി നടപടി പൂര്‍ത്തിയാക്കിയ സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ചാണ്.

പറവൂര്‍ കെഎസ്എഫ്ഇ ബ്രാഞ്ചിനു കീഴില്‍ ഏജന്റായി പ്രവര്‍ത്തിക്കവേ ക്രമക്കേടിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. പിന്നീട് സ്വാധീനം ചെലുത്തി ആലുവയില്‍ ഏജന്‍സി തരപ്പെടുത്തുകയായിരുന്നു. തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.

സസ്‌പെന്‍ഷനിലായ ജീവനക്കാരി നാല് കൊല്ലമായി, തട്ടിപ്പ് നടന്ന ആലുവ ബ്രാഞ്ചില്‍ ജോലി ചെയ്തു വരികയാണെന്ന് കെഎസ്എഫ്ഇ ആലുവ ശാഖാ മാനേജര്‍ പറഞ്ഞു. തട്ടിപ്പ് നടന്നതായി സംശയം വന്നതിനെ തുടര്‍ന്നാണ് ഇവരെ ചെറായിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കെഎസ്എഫ്ഇ വകുപ്പ് തലത്തില്‍ വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com