പുതുവര്‍ഷാഘോഷത്തിനിടെ ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ വനിതയെ അപമാനിച്ചു; കരഞ്ഞുകൊണ്ട് മടങ്ങി

പപ്പാഞ്ഞിയെ കത്തിച്ചുമടങ്ങുമ്പോഴായിരുന്നു സംഭവം
പുതുവര്‍ഷാഘോഷത്തിനിടെ ഫോര്‍ട്ട് കൊച്ചിയില്‍ വിദേശ വനിതയെ അപമാനിച്ചു; കരഞ്ഞുകൊണ്ട് മടങ്ങി


കൊച്ചി: പുതുവര്‍ഷാഘോഷത്തിനിടെ കൊച്ചി ലില്ലി സ്ട്രീറ്റില്‍ വിദേശവനിതയെ ഒരു സംഘം അപമാനിച്ചതായി പരാതി. പപ്പാഞ്ഞിയെ കത്തിച്ചുമടങ്ങുമ്പോഴായിരുന്നു സംഭവം. ബന്ധുവിനൊപ്പമുണ്ടായിരുന്ന വിദേശ വനിത കരഞ്ഞുകൊണ്ടാണ് മടങ്ങിയത്.

നക്ഷത്രവിളക്കുകളും അലങ്കാരദീപങ്ങളും പ്രഭചൊരിഞ്ഞ രാത്രിയില്‍ പുതുവത്സരത്തെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ്  ഫോര്‍ട്ടുകൊച്ചിയിലെത്തിയത്. കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളില്‍നിന്ന് പുതുവര്‍ഷപ്പിറവി അറിയിച്ചുള്ള സൈറണുകള്‍ മുഴങ്ങിയതോടെ പരേഡ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീ പകര്‍ന്നു. ഇതോടൊപ്പം പാതയോരങ്ങളില്‍ ഒരുക്കിനിര്‍ത്തിയ പപ്പാഞ്ഞികള്‍ കത്തയമര്‍ന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളും നാട്ടുകാരും വൈവിധ്യങ്ങള്‍ക്കിടയിലും ഒരുമയുടെ സന്ദേശം പകര്‍ന്ന് പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും ആശംസ നേര്‍ന്നു. മധുരപലഹാരങ്ങള്‍ പങ്കുവച്ച് പ്രതീക്ഷയുടെ പുതുവര്‍ഷത്തെ ആവേശപൂര്‍വം വരവേറ്റു.

കൊച്ചിയുടെമാത്രം സവിശേഷതയായ ന്യൂ ഇയര്‍ പപ്പ ചൊവ്വാഴ്ച രാവിലെമുതല്‍തന്നെ പാതയോരങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വൈകിട്ടോടെ പാട്ടും നൃത്തവുമായി ആബാലവൃദ്ധം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലായിരുന്നു. പപ്പാഞ്ഞിയെ അഗ്‌നിക്കിരയാക്കുന്നതുവരെ ആഘോഷങ്ങള്‍ തുടര്‍ന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com